(3) അന്‍പതു വയസ്സിനു ശേഷം ജീവിതത്തില്‍ എങ്ങനെ സന്തോഷവും സാകല്യവും കണ്ടെത്താം?

ആന്റെണി പുത്തന്‍പുരയ്ക്കല്‍

എന്താണ് അവധാനപൂര്‍വ്വ ധ്യാനം (ജീവിതം)?
പാശ്ചാത്യ ഭാഷകളില്‍ അവധാനപൂര്‍വ്വ ധ്യാനം (Mindfulness Meditation) എന്ന വാക്ക് സാധാരണക്കാര്‍ക്കും പരിചിതമാണ്. എന്നാല്‍ മലയാളത്തില്‍ പലര്‍ക്കും ഇന്നും അപരിചിതമായി തോന്നുന്ന വാക്കാണ് അവധാനപൂര്‍വ്വ ധ്യാനം. വര്‍ത്തമാന നിമിഷത്തില്‍ നാം ബോധപൂര്‍വ്വം ചെലുത്തുന്ന സംശുദ്ധമായ ശ്രദ്ധ അല്ലെങ്കില്‍ അവബോധത്തെ അവധാനപൂര്‍വ്വ ധ്യാനം എന്നു വിളിക്കാം. അവധാനം എന്ന വാക്കിന്റെ അര്‍ത്ഥം മനസ്സിരുത്തല്‍, ജാഗ്രദവസ്ഥ എന്നൊക്കെയാണ്.

സ്വഭാവികമായ നമ്മുടെ മനുഷ്യപ്രകൃതി എല്ലാറ്റിനോടും എപ്പോഴും പ്രതികരിക്കുന്ന സ്വഭാവമുള്ളതാണ്. ശ്രദ്ധാപൂര്‍വമായ ജീവിതരീതി പരിശീലിച്ച ഒരാള്‍ സ്വയമേവ പ്രതികരിക്കാതെ നമ്മുടെ ചിന്തകള്‍, വികാരങ്ങള്‍, ശാരീരിക സംവേദനങ്ങള്‍, നമുക്കു ചുറ്റും നടക്കുന്ന സംഭവങ്ങള്‍ എന്നിവയെ ശാന്തമായി നിരീക്ഷിക്കുക മാത്രമാണ് ഈ പരിശീലനം സിദ്ധിച്ചവര്‍ ചെയ്യുക. ഉയര്‍ന്ന തലത്തിലുള്ള ഒരു നിരീക്ഷണമാണ് അവധാനപൂര്‍വ്വ ധ്യാനം. വെറും നിരീക്ഷണം മാത്രമല്ല ഇത്, ശ്രദ്ധാപൂര്‍വ്വമായ പ്രവര്‍ത്തനവും ഈ ജീവിതരീതിയുടെ ഭാഗമാണ്. നമ്മുടെ ഓരോ ഇന്ദ്രിയ അനുഭൂതികളിലും പ്രവര്‍ത്തികളിലും സമ്പൂര്‍ണമായ മനസ്സാന്നിധ്യം ഉള്‍ക്കൊള്ളുന്നതാണ് ഈ ജീവനചര്യ. ഓരോ അനുഭവങ്ങളും പ്രവൃത്തികളും വിവേചനരഹിതമായിരിക്കും. നമ്മുടെ ഓരോ ചിന്തയിലും പ്രവര്‍ത്തനത്തിലും നിഷേധാത്മകമായ മുന്‍വിധികളോ, യാന്ത്രികമായ ആവര്‍ത്തനമോ ഉണ്ടായിരിക്കില്ല. വര്‍ത്തമാനകാലത്തില്‍ നമ്മുടെ ശ്രദ്ധ പൂര്‍ണ്ണമായിരിക്കുന്നതുകൊണ്ട് ഭൂത-ഭാവി കാര്യങ്ങളെ കുറിച്ചുള്ള ചിന്തകളും സമ്മര്‍ദ്ദങ്ങളും നമ്മില്‍ ഉണ്ടായിരിക്കില്ല. വര്‍ത്തമാനകാലം ആശങ്കാരഹിതവും സന്തോഷകരവുമാണെന്ന യഥാര്‍ഥ്യമാണ് ഇതിന് അടിസ്ഥാനം.

അവധാനപൂര്‍വ്വമായ ധ്യാനം എങ്ങനെ പരിശീലിക്കാം?
ആര്‍ക്കും എവിടെയും അഭ്യസിക്കാന്‍ സാധിക്കുന്ന വളരെ ലളിതമായ ഒരു ധ്യാന രീതിയാണിത്. ഈ ധ്യാന മുറയ്ക്ക് ഏതെങ്കിലും മതവുമായോ അല്ലെങ്കില്‍ എന്തെങ്കിലും പ്രത്യയശാസ്ത്രമായിട്ടോ ബന്ധമില്ല. ഇതിന് വിശ്വാസസംഹിതകളും, ആചാരാനുഷ്ഠാനങ്ങളുമില്ല.

ശാന്തമായ ഒരിടം കണ്ടെത്തുക. സ്ഥിരവും ഉറച്ചതുമായ ഒരു ഇരിപ്പിടത്തില്‍ സുഖപ്രദമായി ഇരിക്കുക.
ഇരിക്കുമ്പോള്‍ നട്ടെല്ല് നേരെയായിരക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ തലയും തോളുകളും കശേരുക്കളുടെ മുകളില്‍ സുഖമായി വിശ്രമിക്കട്ടെ.

നിങ്ങളുടെ താടി അല്പം താഴ്ത്തി, നിങ്ങളുടെ നോട്ടം പതുക്കെ താഴേക്ക് വീഴാന്‍ അനുവദിക്കുക. നിങ്ങളുടെ കണ്‍പോളകള്‍ താഴ്ത്താം. നിങ്ങള്‍ക്ക് ആവശ്യം തോന്നുന്നുവെങ്കില്‍, കണ്ണുകളെ പൂര്‍ണ്ണമായും അടയ്ക്കാം. പക്ഷേ ധ്യാനിക്കുമ്പോള്‍ കണ്ണുകള്‍ അടയ്ക്കണമെന്ന് നിര്‍ബ്ബന്ധമില്ല. കുറച്ച് നിമിഷങ്ങള്‍ ഇങ്ങനെ ഇരിക്കുക. ശാന്തമാകൂ. നിങ്ങളുടെ ശ്വസനത്തിലേക്കോ ശരീരത്തിലെ സംവേദനങ്ങളിലേക്കോ നിങ്ങളുടെ ശ്രദ്ധ സാവധാനം കൊണ്ടുവരിക. നിങ്ങളുടെ ശ്വാസനം ആഴത്തില്‍ അനുഭവിച്ചറിയുക – അല്ലെങ്കില്‍ അത് അകത്തേക്ക് വരുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും അതിനെ പിന്തുടരുക. ശ്വസനത്തിന്റെ ശാരീരിക സംവേദനത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുക – നിങ്ങളുടെ മൂക്കിലൂടെയോ വായിലൂടെയോ സഞ്ചരിക്കുന്ന വായു, നിങ്ങളുടെ വയറിന്റെ അല്ലെങ്കില്‍ നിങ്ങളുടെ നെഞ്ചിന്റെ ഉയരവും താഴ്ചയും – ശ്രദ്ധാവിഷയമാക്കുക. നിങ്ങളുടെ പ്രാഥമികമായ ശ്രദ്ധാകേന്ദ്രം ശ്വാസ- നിശ്വസനങ്ങളായി തിരഞ്ഞെടുക്കാം.

ധ്യാനസമയത്ത് നിങ്ങളുടെ ശ്രദ്ധ ശ്വസനാവബോധം വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് അലഞ്ഞേക്കാം. വിഷമിക്കേണ്ട. ചിന്തയെ തടയുകയോ ഇല്ലാതാക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. നിങ്ങളുടെ മനസ്സ് അലയുന്നത് ശ്രദ്ധയില്‍പ്പെടുമ്പോള്‍ – നിങ്ങളുടെ ശ്രദ്ധ ശ്വാസത്തിലേക്ക് വീണ്ടും പതുക്കെ തിരികെ കൊണ്ടുവരിക. നിങ്ങളുടെ മനസ്സ് നിരന്തരം അലഞ്ഞുതിരിയുന്നതായി നിങ്ങള്‍ കണ്ടെത്തിയേക്കാം. ഇതും സാധാരണമാണ്. ആ ചിന്തകളുമായി സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നതിനുപകരം, പ്രതികരിക്കാതെ നിരീക്ഷിക്കുവാന്‍ മാത്രം പരിശീലിക്കുക. വെറുതെ ഇരുന്നു നിങ്ങളുടെ ശ്വാസോച്ഛ്വാസത്തെയും ശാരീരിക സംവേദനങ്ങളെ ചുറ്റും കേള്‍ക്കുന്ന ശബ്ദങ്ങളെയും ശ്രദ്ധിക്കുക. ഇത് തുടര്‍ന്നുകൊണ്ടേയിരിക്കുക. സാധിക്കുമെങ്കില്‍ രാവിലെയും വൈകിട്ടും ഇരുപത് മിനിറ്റ് ഇതിനായി നീക്കിവെയ്ക്കുക. ഫലങ്ങള്‍ സാവധാനം ലഭിക്കും.

എന്താണ് അവധാനപൂര്‍വ്വമായ വാര്‍ദ്ധക്യം?
അവധാനപൂര്‍വ്വമായ വാര്‍ദ്ധക്യം നമുക്കും നമ്മുടെ ചുറ്റുമുള്ളവര്‍ക്കും സന്തോഷവും സമധാനവും പ്രദാനം ചെയ്യുന്ന നമ്മുടെ ചിന്തകളും പെരുമാറ്റരീതികളുമാണ്. നമ്മളാരും ഒറ്റപ്പെട്ട ദ്വീപുകളല്ല. വാര്‍ദ്ധക്യാവസ്ഥയില്‍ എത്തുന്നതോടെ പല ആളുകളും പിടിവാശിക്കാരും മറ്റുള്ളവരുമായി ഒത്തുചേര്‍ന്നു പോകാന്‍ ബുദ്ധിമുട്ടുള്ളവരുമാകാറുണ്ട്. ശാരീരിക ബുദ്ധിമുട്ടുകളും മാനസിക വേദനകളും ഏകാന്തതയും മൂലം വൃദ്ധജനങ്ങള്‍ നിരന്തരം പരാതിപ്പെടുന്നവരും അസന്തുഷ്ടരുമാകും. ഈ സ്വഭാവമുളളവര്‍ സ്വന്തം വീട്ടിലുളളവര്‍ക്കും സമൂഹത്തിനും അവര്‍ അറിഞ്ഞോ അറിയാതെയോ ബാധ്യതയായി മാറും. അവധാനപൂര്‍വ്വ ജീവിതം പരിശീലിച്ചവര്‍ വ്യക്തിപരമായ ജീവിതത്തില്‍ ഒട്ടേറെ ഏറെ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകും. ഇതിനാല്‍, ആയാസകരമായ വാര്‍ദ്ധക്യ ജീവതത്തിന് അവധാനപൂര്‍വ്വ ജീവിതം അനുപേക്ഷണീയമാണ്. എന്നാല്‍, പ്രായമാകുമ്പോള്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഇത് ഒരു പരിഹാരമാണെന്ന് ആരും കരുതരുത്. പ്രായത്തിനനുസരിച്ച് പലരും അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. ഉദാഹരണമായി, ആരോഗ്യം – ശാരീരികവും മാനസികവും – പ്രായവുമായി ബന്ധപ്പെട്ട ഒരു പ്രധാന പ്രശ്‌നമാണ്. എന്നാല്‍ വിഷാദം, ഏകാന്തത, ഒറ്റപ്പെടല്‍ തുടങ്ങിയ മാനസ്സിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധാപൂര്‍വമായ ജീവിതം വളരെ സഹായകമാണ്. ശ്രദ്ധാപൂര്‍വമായ ജീവിതത്തിന് ഇവിടെ ഒരു ഭാവാത്മകമായ വശമുണ്ട്. പക്ഷേ ഇതൊരു ഒറ്റമൂലിയല്ല.
തുടരും