ഭാര്യ മുന്‍ ഭര്‍ത്താവിന് മാസം 3000 രൂപ വീതം ജീവനാംശം നല്‍കണം എന്ന ഉത്തരവ് ശരിവെച്ച് ഹൈക്കോടതി

ഭര്‍ത്താവിനെ വേണ്ട എങ്കിലും മാസാമാസം അയാളുടെ വരുമാനത്തില്‍ ഒരു പങ്ക് വേണം എന്ന നിബന്ധന വെക്കുന്നവരാണ് വിവാഹമോചനത്തിന് തയ്യാറാകുന്ന മിക്ക സ്ത്രീകളും. ജീവനാംശം എന്ന പേരില്‍ വിളിക്കുന്ന ഈ നടപടിക്ക് എതിരെ ധാരാളം പേര് കോടതിയില്‍ ഇപ്പോഴും കേസുകള്‍ നടത്തുകയാണ്. ഭര്‍ത്താവില്‍ നിന്നും ഭാര്യ ജീവനാംശം വാങ്ങുന്നതാണ് സാധാരണയായി നമുക്ക് അറിവുള്ളത് എന്നാല്‍ ഇവിടെ കഥ വേറെയാണ്. വിവാഹമോചനം നേടിയ അധ്യാപിക മുന്‍ ഭര്‍ത്താവിന് ജീവനാംശം നല്‍കണമെന്ന് ഹൈക്കോടതിയും. കീഴ്ക്കോടതി ഉത്തരവ് ശരിവെച്ച ബോംബെ ഹൈക്കോടതി സര്‍വകലാശാല അധ്യാപികയോട് മുന്‍ ഭര്‍ത്താവിന് മാസം 3000 രൂപ വീതം നല്‍കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. നേരത്തെ മഹാരാഷ്ട്രയിലെ നന്ദേഡ് കോടതിയും ഇതേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കീഴ്ക്കോടതി വിധിക്കെതിരേ അധ്യാപിക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹിന്ദു വിവാഹ നിയമപ്രകാരം പങ്കാളികള്‍ക്ക് ജീവനാംശം ആവശ്യപ്പെടാമെന്ന് വ്യക്തമാക്കിയാണ് കീഴ്ക്കോടതിയുടെ ഉത്തരവ് ബോംബെ ഹൈക്കോടതി ശരിവെച്ചത്. 1992ലാണ് ഹര്‍ജിക്കാരിയും മുന്‍ ഭര്‍ത്താവും തമ്മില്‍ വിവാഹിതരായത്. 23 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2015 ല്‍ ഇരുവരും വിവാഹമോചിതരായി. ഭര്‍ത്താവില്‍നിന്ന് ക്രൂരമായ ഉപദ്രവമുണ്ടെന്ന് ആരോപിച്ചാണ് യുവതി വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. ഇത് കോടതി അനുവദിച്ചതിന് പിന്നാലെയാണ് ഭര്‍ത്താവ് ജീവനാംശം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. അധ്യാപികയായ ഭാര്യ ബന്ധം വേര്‍പിരിഞ്ഞതോടെ ജീവിതച്ചെലവിന് പണം ഇല്ലാതായെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. തനിക്ക് എല്ലാമാസവും 15,000 രൂപ വീതം ജീവനാംശം നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. തനിക്ക് മറ്റ് വരുമാന മാര്‍ഗങ്ങളില്ല. മാത്രമല്ല, ഭാര്യയെ ഉപരിപഠനത്തിന് പ്രോത്സാഹിപ്പിച്ചതും ഈ സമയത്ത് വീട്ടുകാര്യങ്ങള്‍ കൈകാര്യം ചെയ്തതും താനാണ്. അതിനാല്‍ ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നും ഹര്‍ജിയില്‍ വാദിച്ചിരുന്നു.

മുന്‍ ഭര്‍ത്താവിന്റെ ഹര്‍ജിക്കെതിരെ അധ്യാപികയും കോടതിയില്‍ വാദമുന്നയിച്ചു. മുന്‍ ഭര്‍ത്താവിന് സ്വന്തമായി പലചരക്ക് കടയുണ്ടെന്നും ഓട്ടോ വാടകയ്ക്ക് നല്‍കി പണം സമ്പാദിക്കുന്നുണ്ടെന്നും അധ്യാപിക കോടതിയില്‍ പറഞ്ഞു. തനിക്ക് മകളുടെ സംരക്ഷണം കൂടി നോക്കേണ്ടതുണ്ടെന്നും ഇവര്‍ കോടതിയെ അറിയിച്ചു. 2015 ലാണ് വിവാഹമോചനം അനുവദിച്ചതെന്നും എന്നാല്‍ 2017ലാണ് മുന്‍ ഭര്‍ത്താവ് ജീവനാംശത്തിനായി ഹര്‍ജി നല്‍കിയതെന്നും അധ്യാപികയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാല്‍ ഈ വാദം അംഗീകരിക്കാനാകില്ലെന്നും എപ്പോള്‍ വേണമെങ്കിലും ജീവനാംശം ആവശ്യപ്പെടാമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. തുടര്‍ന്നാണ് കീഴ്ക്കോടതി ഉത്തരവ് ശരിവെച്ചത്.