പിണറായി 2.0 ഒന്നാം വാര്‍ഷികാഘോഷത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനം നാടിന്റെ ആവശ്യമെന്ന് പറഞ്ഞ മുഖ്യമന്ത്രി, സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തില്‍ സഹകരിക്കാത്ത ചിലരുണ്ടെന്ന് പറഞ്ഞ് പ്രതിപക്ഷത്തെ വിമര്‍ശിക്കുകയായിരുന്നു. ഡിജിറ്റല്‍ സ്വിച്ച് ഓണിലൂടെയാണ് മുഖ്യമന്ത്രി വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തത്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര നല്ല നിലയിലല്ല എന്ന് സമ്മതിച്ച മുഖ്യമന്ത്രി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിഹിതം വെട്ടി കുറയ്ക്കുന്നത് കൊണ്ടാണ് ഏത് എന്നും വിശദീകരിച്ചു. പ്രതിപക്ഷത്തിന് ശബ്ദിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? കേരളത്തിന് അര്‍ഹമായ വിഹിതം നല്‍കണമെന്ന് പ്രതിപക്ഷം പറഞ്ഞോ? രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന് സാധുക്കളായ ജനം വിശ്വസിച്ചു. അങ്ങിനെ എംപിയായവര്‍ പാര്‍ലമെന്റില്‍ പോയി ഒന്നും സംസാരിച്ചില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തില്‍ 62,000 കോടി രൂപയുടെ കിഫ്ബി പദ്ധതി തയ്യാറാക്കി കഴിഞ്ഞു. നാടിന്റെ വികസനത്തിന് ഒരു പക്ഷപാതവും എല്‍ ഡി എഫ് സര്‍ക്കാര്‍ കാണിച്ചില്ല. പദ്ധതികള്‍ അനുവദിക്കുന്നതില്‍ എല്‍ ഡി എഫ്, യു ഡി എഫ് എന്ന വേര്‍തിരിവ് കണ്ടില്ല. ദേശീയ പാത വികസനത്തിന്റെ 25 ശതമാനം തുക സംസ്ഥാനം വഹിക്കണം. നിതിന്‍ ഗഡ്കരിയുടെ വിശാല മനസ്‌കത കൊണ്ടാണ് അങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയതെന്നും മുഖ്യമന്ത്രി പ്രശംസിച്ചു. പ്രതിപക്ഷം എല്ലാറ്റിനെയും എതിര്‍ക്കുകയാണ്. പ്രതിപക്ഷ എതിര്‍പ്പ് നോക്കിയല്ല സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. ടൂറിസം വികസനത്തില്‍ ജലപാത നിര്‍ണായകമാണ്. നാടിനെ നവീകരിക്കുക എന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍.
യൂണിവേഴ്‌സിറ്റികളില്‍ 1500 പുതിയ ഹോസ്റ്റല്‍ മുറികള്‍ ഉണ്ടാക്കും. 250 ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ മുറികളും പണിയും. നമ്മുടെ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മെച്ചപ്പെടുമ്പോള്‍ വിദേശങ്ങളില്‍ നിന്ന് കുട്ടികള്‍ പഠിക്കാന്‍ വരും. 20 ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാന്‍ കഴിയും വിധമാണ് യുവാക്കള്‍ക്കായി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് ജനങ്ങള്‍ക്ക് മനസ്സിലായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു മന്ത്രിയ്ക്ക് എങ്ങനെ ഇത്ര നിഷേധാത്മക സമീപനം സ്വീകരിക്കാനാവും? വി മുരളീധരന് കാര്യം നേരിട്ട് മനസ്സിലായി. പ്രധാനമന്ത്രിയുമായി വിഷയത്തില്‍ ആരോഗ്യകരമായ ചര്‍ച്ച നടത്തിയതാണ്. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗത്തിന് എങ്ങനെ ഈ നിലപാട് സ്വീകരിക്കാനാവുമെന്നും പിണറായി ചോദിച്ചു.