ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച സംഭവം ; കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് എംഎല്‍എ

മൂവാറ്റുപുഴയില്‍ കുട്ടികള്‍ മാത്രമുള്ള വീട് ബാങ്ക് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പൂട്ട് പൊളിച്ചു വീട്ടുകാരെ അകത്തു കയറ്റിയ സംഭവത്തില്‍ വിശദീകരണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ . ബാങ്കിന്റേത് നിയമവിരുദ്ധപ്രവര്‍ത്തനമാണെന്ന് എംഎല്‍എ ആരോപിച്ചു. താന്‍ രാഷ്ട്രീയം കളിച്ചിട്ടില്ല. മനസാക്ഷിയുള്ളത് കൊണ്ടാണ് പൂട്ട് പൊളിച്ചത്. ആ കുടുംബത്തിന്റെ ബാധ്യത താന്‍ ഏറ്റെടുക്കുമെന്നും എംഎല്‍എ പറഞ്ഞു. ഇന്നലെ രാത്രിയാണ് മൂവാറ്റുപുഴയില്‍ അര്‍ബന്‍ ബാങ്ക് ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു എംഎല്‍എ വീട്ടുകാരെ അകത്തു കയറ്റിയത്.

പായിപ്ര സ്വദേശി അജേഷിന്റ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടുടമസ്ഥന്‍ വീട്ടിലില്ലാത്ത സമയത്താണ് മക്കളെ ഇറക്കിവിട്ടു ബാങ്ക് വീട് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എംഎല്‍എയുടെ നടപടിക്ക് എതിരെ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിയ്ക്കല്‍ രംഗത്തെത്തിയിരുന്നു. എം എല്‍ എയ്ക്ക് ബാങ്ക് അധികൃതരെ ബന്ധപ്പെട്ടാല്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കഴിയുമായിരുന്നു. കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി നടത്തി എന്ന ആരോപണം ശരിയല്ലെന്നും ഗോപി കോട്ടമുറിയ്ക്കല്‍ പറഞ്ഞു. എന്നാല്‍, ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കലിനെ വിളിച്ചിരുന്നു എന്നും ബാങ്ക് എന്ത് നിയമനടപടി സ്വീകരിച്ചാലും നേരിടുമെന്നുമാണ് ഇപ്പോള്‍ എംഎല്‍എ പ്രതികരിച്ചിരിക്കുന്നത്.

വീടിന്റെ ആധാരം ബാങ്കില്‍ നിന്നും വീണ്ടെടുത്തു കൊടുക്കും. അതിന് ഏത് അറ്റം വരെയും പോകും. വിഷയം കെപിസിസിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അജേഷിന്റെ ചികിത്സാ ചെലവ് കൂടി ഏറ്റെടുക്കും. കുട്ടികള്‍ക്ക് ഉണ്ടായ മാനസിക സംഘര്‍ഷത്തിന് ആര് ഉത്തരം പറയും. പൂട്ട് പൊളിച്ചതില്‍ എന്ത് നിയമ നടപടിയുണ്ടായാലും അത് നേരിടും. ബാലാവകാശ കമ്മീഷന്‍ എവിടെപ്പോയി. കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ ഓടിയെത്തിയിരുന്നല്ലോ എന്നും മാത്യു കുഴല്‌നാടന്‍ ചോദിച്ചു.