സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം ; പ്രതി ലൈംഗിക വൈകൃതത്തിന് അടിമ എന്ന് പോലീസ്
കൊച്ചിയില്‍ പ്രഭാത സവാരിക്കെത്തുന്ന സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ കോട്ടയം കുറുവിലങ്ങാട് കുളത്തൂര്‍ സ്വദേശി ഇമ്മാനുവല്‍ സി. കുര്യന്‍ ലൈംഗീക വൈകൃതത്തിന് അടിമയെന്ന് പോലീസ്. ഇയാള്‍ ഉപദ്രവിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ മുന്‍കൂട്ടി വാട്‌സാപ്പിലൂടെ പ്രചരിപ്പിക്കും. ഇതിനായി അശ്ലീല പേരില്‍ 50ലേറെ പേരടങ്ങുന്ന ഗ്രൂപ്പ് തുടങ്ങിയതായും പോലീസ് പറയുന്നു. കോട്ടയം സ്വദേശിയായ ഇയാള്‍ ദിവസവും പുലര്‍ച്ചെ മൂവാറ്റുപുഴയില്‍നിന്ന് കൊച്ചിയിലെത്തിയാണ് കുറ്റകൃത്യം ചെയ്തിരുന്നതെന്നും പോലീസ് അറിയിച്ചു. മൂവാറ്റുപുഴയിലെ വാഹന ഷോറൂമില്‍ സര്‍വീസ് എന്‍ജിനീയറായി ജോലി ചെയ്യുകയാണ് ഇയാള്‍.
നമ്പര്‍ പ്ലേറ്റ് നീക്കിയ സ്‌കൂട്ടറില്‍ സഞ്ചരിച്ചാണ് ഇയാള്‍ സ്ത്രീകളെ ശല്യം ചെയ്തിരുന്നത്. സ്‌കൂട്ടറിനു നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിനാല്‍ ഇയാളെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. പോലീസ് അന്വേഷണം നടക്കുമ്പോഴും ഇയാള്‍ സ്ത്രീകളെ ഉപദ്രവിക്കുന്നത് തുടര്‍ന്നിരുന്നു. കടവന്ത്ര, പനമ്പിള്ളി നഗര്‍ മേഖലകളില്‍ കറങ്ങിനടന്നു പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകളെ നിരന്തരം ശല്യം ചെയ്തിരുന്ന ഇയാള്‍ക്കെതിരെ സൗത്ത് പോലീസ് സ്റ്റേഷനില്‍ 4 കേസുകളുണ്ട്. വാട്‌സാപ് ഗ്രൂപ്പിലൂടെ, ഇയാള്‍ ഉപദ്രവിച്ച പെണ്‍കുട്ടികളുടെ മുന്‍കൂട്ടിയെടുത്ത ചിത്രങ്ങള്‍ സ്ഥലം അടക്കം അടയാളപ്പെടുത്തി പ്രചരിപ്പിച്ചതായും പോലീസ് കണ്ടെത്തി.
പരാതി വ്യാപകമായതിനെ തുടര്‍ന്നു സിറ്റി പോലീസ് കമ്മിഷണര്‍ പ്രതിയെ കണ്ടെത്തുന്നതിനായി ഷാഡോ പോലീസിനെ നിയോഗിച്ചു. പനമ്പിള്ളി നഗര്‍ മേഖലയില്‍ പോലീസ് ഇയാള്‍ക്കുവേണ്ടി പരിശോധന ശക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. പനമ്പിള്ളി നഗര്‍ ഭാഗത്തു നിന്നുള്ള 75 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. രാവിലെ സൗത്ത് പനമ്പള്ളി നഗര്‍ ഭാഗത്ത് പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെയാണ് ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നത്. സ്ത്രീകളുടെ രഹസ്യഭാഗങ്ങളില്‍ പിടിച്ച് കടന്നുകളയുന്നതായിരുന്ന പ്രതിയുടെ രീതി. പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പൊലീസ് പ്രതിയെ പിടിക്കാന്‍ വല വിരിച്ചത്. എന്നാല്‍ ബൈക്കിന് നമ്പര്‍ ഇല്ലാത്ത വണ്ടിയില്‍ എത്തിയിരുന്ന പ്രതിയെ കുറിച്ച് സൂചന ലഭിക്കാതെ വന്നതോടെ പ്രത്യേക സംഘം രൂപീകരിച്ചത് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.