അഫ്ഗാനിസ്ഥാനില്‍ മയക്കുമരുന്നിന്റെ ഉത്പാദനം നിരോധിച്ച് താലിബാന്‍

അഫ്ഗാനിസ്ഥാനില്‍ മയക്കുമരുന്ന് ഉത്പാദനത്തിനു നിരോധനം. താലിബാന്റെ പരമോന്നത നേതാവ് ഹബീബതുള്ള അഖുന്‍സാദയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.നിലവില്‍ ലോകത്തില്‍ ഏറ്റവുമധികം കറുപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. അഫ്ഗാന്റെ സാമ്പത്തിക വ്യവസ്ഥിതിയുടെ നിലനില്‍പ്പ് തന്നെ കറുപ്പ് കയറ്റുമതിയാണ്. അതുകൊണ്ട് തന്നെ ഈ നീക്കം അഫ്ഗാന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് ആക്ഷേപം ഉള്ളത്.

”അഫ്ഗാനിസ്ഥാന്റെ പരമോന്നത നേതാവിന്റെ ഉത്തരവനുസരിച്ച് രാജ്യത്തുടനീളം കറുപ്പ് കൃഷി നിരോധിച്ചിരിക്കുന്നു. ആരെങ്കിലും ഈ ഉത്തരവ് ലംഘിച്ചാല്‍ വിളകള്‍ നശിപ്പിച്ച് പ്രതിയെ ശരീഅത്ത് നിയമം അനുസരിച്ച് ശിക്ഷിക്കും. മറ്റ് ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്ന് ഉത്പാദനവും ഗതാഗതവും നിരോധിച്ചിട്ടുണ്ട്.”- ഇത്തരവില്‍ പറയുന്നു. അധികാരത്തിലെത്തിയപ്പോള്‍ താലിബാന്‍ കറുപ്പ് കൃഷി നിരോധിച്ചിരുന്നു. എന്നാല്‍, ഇതിനെതിരെ രൂക്ഷ വിമര്‍ശനമുയരുകയും ഭരണകര്‍ത്താക്കളില്‍ പലരും നിലപാട് മാറ്റുകയും ചെയ്തിരുന്നു.