അബുദാബിയില്‍ മലയാളി വയോധികയെ മകന്റെ ഭാര്യ അടിച്ചു കൊന്നു

ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് (63) മരിച്ചത്. അബുദാബി ഗയാത്തിയിലാണ് സംഭവം. വീട്ടില്‍ മകന്റെ ഭാര്യയുമായുണ്ടായ തര്‍ക്കത്തിനിടെയുണ്ടായ കൈയ്യേറ്റമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കേസില്‍ റൂബിയുടെ മകന്‍ സഞ്ജുവിന്റെ ഭാര്യ ഷജനയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ജനുവരിയിലായിരുന്നു മരിച്ച റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദിന്റെയും ഷജനയുടേയും വിവാഹം. വിവാഹ ശേഷം ഭാര്യയെയും മാതാവിനെയും സഞ്ജു അബുദാബിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ അതില്‍ ഭാര്യയായ ഷജനയ്ക്ക് തീരെ താല്പര്യം ഇല്ലായിരുന്നു. ഇതിനെ തുടര്‍ന്ന് റൂബിയും ഷാജനയും തമ്മില്‍ വാക്കേറ്റം പതിവായിരുന്നു എന്നും പറയപ്പെടുന്നു. റൂബിയുടെ മരണം സംബന്ധിച്ച് അബുദാബി പൊലീസിന്റെ അന്വേഷണം തുടരുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.