കടുത്ത പ്രതിസന്ധിയില്‍ കെ എസ് ആര്‍ ടി സി ; ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നേക്കുമെന്ന് ഗതാഗതമന്ത്രി

കടുത്ത പ്രതിസന്ധിയില്‍ കെ എസ് ആര്‍ ടി സി. പ്രതിസന്ധി ഇനിയും തുടര്‍ന്നാല്‍ ജീവനക്കാരെ എങ്ങനെ നിലനിര്‍ത്തുമെന്നതില്‍ ആശങ്കയുണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വന്നേക്കും. ഇനിയുള്ള മാസങ്ങളില്‍ കൃത്യമായി ശമ്പളം കൊടുക്കാന്‍ കഴിയില്ലെന്നും മന്ത്രി തുറന്നു പറഞ്ഞു. രാജ്യത്ത് ഇന്ധനവിലയിലുണ്ടായ വന്‍ വര്‍ധനയാണ് പ്രതിസന്ധി വഷളാക്കിയതെന്നാണ് ഗതഗാതമന്ത്രി പറയുന്നത്. നിലവിലെ പ്രതിസന്ധിയില്‍ ഈ നിലയില്‍ മുന്നോട്ട് പോകാനാവില്ല. വരുന്ന മാസങ്ങളിലെ പെന്‍ഷന്‍, ശമ്പള വിതരണം മുടങ്ങിയേക്കും എന്നും സാഹചര്യം മോശമായി തുടര്‍ന്നാല്‍ ഒരു വിഭാഗം ജീവനക്കാരെ പിരിച്ചു വിടേണ്ടി വരുമെന്നും ഗതാഗതമന്ത്രി തുറന്നു പറയുന്നു.

കെഎസ്ആര്‍ടി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതല യോഗം ചേരുന്നുണ്ട്. ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ പതനത്തിന് കാരണമായത് സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്ന് കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകള്‍ കുറ്റപ്പെടുത്തി.അതേസമയം പുതുതായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനി കെഎസ്ആര്‍ടിസിയുടെ അവിഭാജ്യ ഘടകമാണെന്നും പത്ത് വര്‍ഷം കഴിഞ്ഞാല്‍ സ്വിഫ്റ്റിന്റെ മുഴുവന്‍ ആസ്തിയും കെഎസ്ആര്‍ടിസിക്ക് വന്നു ചേരുമെന്നും ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും പ്രതികൂലമായ സാഹചര്യം. പ്രതിസന്ധി തുടര്‍ന്നാല്‍ ജീവനക്കാരെ കുറയ്‌ക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി. സ്വിഫ്റ്റ് സര്‍വീസുകള്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ് പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.