നടിയെ ആക്രമിച്ച കേസ് ; ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീംകോടതിയില്‍
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ജാമ്യം തേടി മുഖ്യപ്രതി പള്‍സര്‍ സുനി സുപ്രീംകോടതിയെ സമീപിച്ചു. നാലാം പ്രതി വിജീഷിനു ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് നീക്കം. മറ്റു പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചെന്ന് പള്‍സര്‍ സുനി ജാമ്യാപേക്ഷയില്‍ പറയുന്നു. അടുത്തൊന്നും വിചാരണ പൂര്‍ത്തിയാകാന്‍ സാധ്യതയില്ല. കേസില്‍ തുടരന്വേഷണം നടക്കുകയാണ്. 2017 ഫെബ്രുവരി 23 മുതല്‍ ജയിലിലാണെന്നും പള്‍സര്‍ സുനി ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പതിമൂന്ന് തവണ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു മാര്‍ട്ടിന്‍ ആന്റണി സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബഞ്ചായിരുന്നു മാര്‍ട്ടിന് ജാമ്യം നല്‍കിയത്.
ജാമ്യാപേക്ഷയെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വാദങ്ങള്‍ സുപ്രീംകോടതി തള്ളുകയായിരുന്നു. വിചാരണ അവസാനഘട്ടത്തിലെന്നും, രണ്ട് സാക്ഷികളെ മാത്രമാണ് ഇനി വിസ്തരിക്കാനുള്ളതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യ വ്യവസ്ഥകള്‍ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മറ്റു പ്രതികള്‍ക്കും വിവിധ കോടതികളില്‍ നിന്നായി ജാമ്യം ലഭിച്ചു. ജയിലില്‍ ശേഷിച്ചിരുന്ന നാലാംപ്രതി വിജീഷിന് ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു വിജീഷ് ആവശ്യപ്പെട്ടത്. ജാമ്യം നല്‍കാതെ ജയിലില്‍ പാര്‍പ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ഹര്‍ജിയില്‍ വിജീഷ് ചൂണ്ടിക്കാട്ടി. ഇതേ വാദങ്ങള്‍ തന്നെയാണ് പള്‍സര്‍ സുനിയും ഉന്നയിച്ചിട്ടുള്ളത്.