വിജയ് ചിത്രം ബീസ്റ്റിനു വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ്

തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ് നായകനാകുന്ന ചിത്രം ‘ബീസ്റ്റ്’ന് വിലക്കേര്‍പ്പെടുത്തി കുവൈറ്റ് സര്‍ക്കാര്‍. റിലീസാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഇസ്ലാമിക ഭീകരതയുടെ ദൃശ്യങ്ങള്‍ കുവൈറ്റിന്റെ താത്പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ചിത്രത്തില്‍ കാണിക്കുന്നതാണ് ചിത്രം വിലക്കാന്‍ കാരണമെന്നാണ് വിവരം. എന്നാല്‍ യുഎഇയിലും മറ്റ് അറബ് രാജ്യങ്ങളിലും ബീസ്റ്റിന് റിലീസ് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഡോക്ക്ട്ടര്‍ എന്ന സിനിമ ഒരുക്കിയ നെല്‍സണ്‍ ദിലീപ്കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍.

വിജയ് നായകനാകുന്ന ചിത്രം ഏപ്രില്‍ 14നാണ് റിലീസ് തീരുമാനിച്ചിട്ടുള്ളത്.  സംവിധായകന്‍ ശെല്‍വരാഘവന്‍, മലയാളി താരം ഷൈന്‍ ടോം ചാക്കോ, ജോണ്‍ വിജയ്, ഷാജി ചെന്‍ തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. ഒരു മാളില്‍ തീവ്രവാദികള്‍ സാധാരണ ജനങ്ങളെ ബന്ദികളാക്കുന്നതും വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ. മുന്‍പ് ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’, വിഷ്ണു വിശാലിന്റെ ‘എഫ്‌ഐആര്‍’ തുടങ്ങിയ ചിത്രങ്ങളും ഇതുപോലെ നിരോധിച്ചിരുന്നു.