ബീസ്റ്റ് റിലീസ് ദിവസം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി ; ജീവനക്കാര്‍ക്ക് ഫ്രീ ടിക്കറ്റ് നല്‍കി കമ്പനികള്‍

വിജയ് ചിത്രം ബീസ്റ്റ് നാളെ പുറത്തിറങ്ങാനിരിക്കെ തമിഴ്നാട്ടിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍ നാളെ അവധി പ്രഖ്യാപിച്ചു. ജീവനക്കാര്‍ക്ക് ചിത്രം ആദ്യ ദിവസം തന്നെ കാണാനുള്ള സൗകര്യം ഒരുക്കാനാണ് സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ചിത്രത്തിനായി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന് മുന്നോടിയായി വിജയ് ആരാധകര്‍ ആഘോഷങ്ങളും തുടങ്ങി കഴിഞ്ഞു. ഇപ്പോള്‍ അവധി പ്രഖ്യാപിച്ച് കൊണ്ടുള്ള സ്ഥാപനങ്ങളുടെ നോട്ടീസ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കൂടാതെ വിവിധ കമ്പനികള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് ബീസ്റ്റ് കാണാന്‍ സൗജന്യ ടിക്കറ്റുകളും നല്‍കുന്നുണ്ട്. ഇതിനു മുന്‍പ് രജനി കാന്ത് അഭിനയിച്ച കബാലി റിലീസ് ദിവസം സമാനമായ രീതിയില്‍ മിക്ക കമ്പനികളും അവധി പ്രഖ്യാപിച്ചിരുന്നു.

ഏപ്രില്‍ 14 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് ബീസ്റ്റ്, എന്നാല്‍ കെജിഎഫ് 2 റിലീസാകുന്ന സാഹചര്യത്തില്‍ തിയറ്റര്‍ ഉടമകളുടെ ആവശ്യ പ്രകാരം ഏപ്രില്‍ 13 ന് റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കലാനിധിമാരന്റെ സണ്‍ പിക്‌ച്ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയിയുടെ 65-ാം ചിത്രമാണ് ബീസ്റ്റ്. ചിത്രത്തിന്റെ പ്രഖ്യാപനം വന്നത് മുതല്‍ ചിത്രത്തിനായി പ്രേക്ഷകരും ആരാധകരും അക്ഷമയോടെ കാത്തിരിക്കുകയാണ്. ചെന്നൈയിലെ ഒരു മാള്‍ തീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുന്നതും, തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. അടുത്ത കാലത്തായി ഓഡിയോ ലോഞ്ച് ഇല്ലാതെ റിലീസ് ആകുന്ന വിജയ് സിനിമ എന്ന പ്രത്യേകതയും ബീസ്റ്റിനുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മനോജ് പരമഹംസയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ലോകേഷ് കനകരാജിന്റെ മാസ്റ്റര്‍ എന്ന ചിത്രത്തിലാണ് അവസാനമായി വിജയ് അഭിനയിച്ചത്.