വിനോദമേഖലയില്‍ കഞ്ചാവ് വില്‍ക്കാന്‍ അനുമതി ; വില്പനക്ക് ഏഴ് ഡിസ്പെന്‍സറികള്‍
അവശ്യ വസ്തുക്കളുടെ ഗണത്തില്‍ കഞ്ചാവിനും ഇപ്പോള്‍ പല രാജ്യങ്ങളും അനുമതി നല്‍കി വരുന്ന കാഴ്ചയാണ് കാണുവാന്‍ സാധിക്കുന്നത്. കഞ്ചാവ് വില്പനയും ഉപയോഗവും നിയമ പരമായി നടത്തുവാനാണ് പല രാജ്യങ്ങളും ഇപ്പോള്‍ ശ്രമിക്കുന്നത്. അത്തരത്തില്‍ ന്യൂജഴ്സിയില്‍ കഞ്ചാവ് വില്‍പന നടത്താന്‍ സര്‍ക്കാര്‍ അനുമതി. പ്രാരംഭഘട്ടത്തില്‍ ഏഴ് ഡിസ്പെന്‍സറികള്‍ക്കാണ് ന്യൂജഴ്സി കാനബീസ് റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം മെഡിക്കല്‍ രംഗത്ത് ചികിത്സാസംബന്ധമായ ആവശ്യങ്ങള്‍ക്ക് തടസം വരാത്ത രീതിയില്‍ വിനോദമേഖലയില്‍ ഇനി കഞ്ചാവ് വില്‍ക്കാം.
നിലവില്‍ അംഗീകാരം ലഭിച്ച സ്ഥാപനങ്ങളുടെ വിതരണ ശൃംഗലയിലുള്ള കടകള്‍ക്ക് മാത്രമാണ് വില്‍പനയ്ക്ക് അനുമതിയുള്ളതെങ്കിലും ചെറുകിട കഞ്ചാവ് കൃഷിക്കാര്‍ക്ക് നിബന്ധനകളോടെ അനുമതി നല്‍കാനുള്ള തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് റെഗുലേറ്ററി കമ്മിഷന്‍ പറഞ്ഞു. അതേസമയം കഞ്ചാവ് കൃഷി ചെയ്യാന്‍ നേരത്തെ അനുവാദം നല്‍കിയ 68 കര്‍ഷകര്‍ക്ക് പുറമേ 34 പേര്‍ക്ക് കൂടി ഇന്ന് ലൈസന്‍സ് അനുവദിച്ചു. ഒരു മാസത്തിനകം കഞ്ചാവ് വില്‍പന ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കമ്മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ അറിയിച്ചു. സര്‍ക്കാരിന്റെ തീരുമാനത്തെ രാജ്യത്തെ കഞ്ചാവ് വ്യവസായികളുടെ സംഘടന സ്വാഗതം ചെയ്തിട്ടുണ്ട്. ഇത് രാജ്യത്ത് സാമ്പത്തിക ഉത്തേജനത്തിനും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്നും സംഘടന വ്യക്തമാക്കി.