വിവാഹ കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല ; ഒളിച്ചോടി പോയി വിവാഹം കഴിച്ചത് പാര്‍ട്ടിക്ക് വലിയ കോട്ടം : CPM നേതാവ് ജോര്‍ജ് എം തോമസ്

ലവ് ജിഹാദ് ആരോപിക്കുന്ന പ്രണയ വിവാഹത്തില്‍ വിശദീകരണം നല്‍കി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ തിരുവമ്പാടി എംഎല്‍എയുമായ ജോര്‍ജ് എം തോമസ്. വിവാഹ കാര്യം ഷെജിന്‍ പാര്‍ട്ടിയെ അറിയിച്ചിട്ടില്ലെന്നും. ഒളിച്ചോടി പോയി വിവാഹം കഴിച്ചത് പാര്‍ട്ടിക്ക് വലിയ കോട്ടം ഉണ്ടാക്കിയിട്ടുണ്ടെന്നും ഷെജിനെതിരെ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു. ഷെജിന്റെ വിവാഹം ലൗ ജിഹാദല്ല. എന്നാല്‍ വിദ്യാസമ്പന്നരായ യുവതികളെ മതം മാറ്റാന്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജോര്‍ജ് എം തോമസ് പറഞ്ഞു.

ഷെജിന്റെ വിവാഹം ലൗ ജിഹാദാണെന്ന് പറഞ്ഞതായി വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് ജോര്‍ജ് എം തോമസ് പറഞ്ഞു. ‘ലൗ ജിഹാദ് വേറെ പ്രണയം വേറെ. ലൗ ജിഹാദ് എന്ന് പറയുന്ന പ്രക്രിയ, പ്രത്യേകിച്ച് പാര്‍ട്ടി രേഖകളില്‍ പറഞ്ഞിട്ടുള്ളത് പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാസമ്പന്നരായ പെണ്‍കുട്ടികളെയും യുവതികളെയും ആകര്‍ഷിക്കുന്നത്, അത് ലൗ ജിഹാദോ മറ്റെന്തെങ്കിലുമോ ആകാം. അങ്ങനെയൊരു സംഗതി, യാഥാര്‍ഥ്യം ഉണ്ട് എന്നത് ഞങ്ങളുടെ പാര്‍ട്ടി രേഖകളിലും പ്രമേയങ്ങളിലുമെല്ലാം വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്’- ജോര്‍ജ് എം തോമസ് പറയുന്നു.

അതുപോലെ പാര്‍ട്ടിയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് ഇത്തരത്തില്‍ ഒരു പ്രണയബന്ധമുണ്ടെങ്കില്‍ അത് പാര്‍ട്ടിയുമായി ആലോചിച്ചോ പാര്‍ട്ടി സഖാക്കളുമായി സംസാരിച്ചോ ചെയ്യേണ്ട കാര്യമാണെന്ന് ജോര്‍ജ് എം തോമസ് പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയില്‍ ഒരു അറിയിപ്പുമില്ലായിരുന്നു. പാര്‍ട്ടിക്ക് ഡാമേജ് ഉണ്ടാക്കുന്നവിധം രാത്രിയില്‍ ഓടിപോകുകയാണ് ചെയ്തത്. ഇങ്ങനെ പാര്‍ട്ടിക്ക് ഡാമേജ് ഉണ്ടാക്കിയ ഒരാളെയും താലോലിക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു. ഷെജിനെതിരെ നിലവില്‍ നടപടി എടുക്കുന്നത് ആലോചിച്ചിട്ടില്ലെന്നും എന്നാല്‍ അത് ആലോചിക്കേണ്ടിവരുമെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു. ഷജിന്റെ വിവാഹം പ്രദേശത്ത് മതമൈത്രിക്ക് അപകടമുണ്ടാക്കിയെന്ന് ജോര്‍ജ് എം തോമസ് പറഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎം ബുധനാഴ്ച കോടഞ്ചേരിയില്‍ വിശദീകരണ യോഗം നടത്തുമെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു.

അതേസമയം ഡി വൈ എഫ് ഐ നേതാവിനൊപ്പം പോയി വിവാഹിതയായ യുവതി താമരശ്ശേരി കോടതിയില്‍ ഹാജരായി. കോടഞ്ചേരി തെയ്യപ്പാറ സ്വദേശിനി ജോസ്ന ജോസഫാണ് പിതാവിന്റെ പരാതിയെ തുടര്‍ന്ന് കോടതിയിലെത്തിയത്. ഡി വൈ എഫ് ഐ നേതാവായ ഷജിനുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിച്ചതായും യുവതി കോടതിയില്‍ മൊഴി നല്‍കി. ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്നും കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്നു ഭര്‍ത്താവിന്റെ കൂടെ പോകുവാന്‍ കോടതി അനുവദിച്ചു.

യുവതിയെ തട്ടികൊണ്ട് പോയതാണ് എന്നാരോപിച്ച് പള്ളി വികാരിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കോടഞ്ചേരി പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. രണ്ട് മതത്തില്‍ പെട്ടവര്‍ ഇങ്ങനെ വിവാഹിതരാവുന്നത് സി പി എം അനുകൂലിക്കുന്നില്ലെന്നും ഷെജിന്‍ ചെയ്തത് മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതാണെന്നും മുന്‍ എം എല്‍ എ യും സി പി എം നേതാവുമായ ജോര്‍ജ് എം തോമസ് നടത്തിയ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. ലിന്റോ ജോസഫിന്റെ വിവാഹം ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് ജോര്‍ജ് എം തോമസിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നത്.

സ്വന്തം ഇഷ്ടമനുസരിച്ചാണ് ഷെജിനൊപ്പം പോയതെന്നും തങ്ങള്‍ വിവാഹിതരായെന്നും വ്യക്തമാക്കിക്കൊണ്ടുളള പെണ്‍കുട്ടിയുടെ വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. ശനിയാഴ്ച വൈകീട്ടാണ് കോടഞ്ചേരി നൂറാംതോട് സ്വദേശിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷെജിന്‍ എംഎസ് കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്സുമായ ജോസ്‌ന ജോസഫിനൊപ്പം പോയത്. സൗദിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന ജോസ്‌ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പോലീസില്‍ പരാതി നല്‍കി. മൂന്ന് ദിവസമായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ചാണ് ബന്ധുക്കളും നാട്ടുകാരും കോടഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.