ഓടി തുടങ്ങിയ ദിവസം തന്നെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ ഇടിയോടിടി
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്ത കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ മിക്കതും അപകടത്തില്‍ പെട്ടതായി വാര്‍ത്തകള്‍. സര്‍വീസ് തുടങ്ങിയ ആദ്യ ദിവസം മുന്നു തവണയാണ് കെ സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോടേക്ക് പോയ ബസും കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സര്‍വീസുമാണ് അപകടത്തില്‍പ്പെട്ടത്. മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് സര്‍വീസുകളില്‍ ഒരു ബസ് കല്ലമ്പലത്തുവെച്ച് ലോറിയുമായി തട്ടി അപകടത്തില്‍പ്പെട്ടിരുന്നു. പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്ത ആദ്യ ബസാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകിട്ട് തമ്പാനൂരില്‍ നിന്നും പുറപ്പെട്ട ബസ് തിരുവനന്തപുരം കല്ലമ്പലത്തിന് സമീപം അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ ആളപായമോ യാത്രക്കാര്‍ക്കോ പരിക്കോ ഇല്ല. എന്നാല്‍ ഗജരാജ വോള്‍വോ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകി പോയിട്ടിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ ലെയ്‌ലാന്‍ഡ് ബസ് എതിരെ വന്ന ലോറിയുടെ സൈഡില്‍ കൂട്ടിയിടിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി വര്‍ക് ഷോപ്പില്‍ നിന്നും മറ്റൊരു സൈഡ് മിറര്‍ എത്തിച്ചാണ് യാത്ര തുടര്‍ന്നത്.
ഈ അപകടത്തില്‍ ബസിന്റെ 35000 രൂപ വില വരുന്ന സൈഡ് മിറര്‍ തകരുകയും ചെയ്തു. ബസ് കോഴിക്കോട് ബസ് സ്റ്റാന്‍ഡിന് അടുത്ത് വെച്ച് മറ്റൊരു വാഹനവുമായി തട്ടി വീണ്ടും അപകടത്തില്‍പ്പെട്ടു. സൈഡ് ഇന്‍ഡികേറ്ററിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഈ അപകടങ്ങളില്‍ ആളപയാമൊന്നും ഉണ്ടായില്ല. ഇതുകൂടാതെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച മറ്റൊരു കെ സ്വിഫ്റ്റ് ബസും അപകടത്തില്‍പ്പെട്ടു. മലപ്പുറം ജില്ലയിലെ ചങ്കുവട്ടിയില്‍ വെച്ചാണ് അപകടം ഉണ്ടായത്. കെ സ്വിഫ്റ്റ് ബസില്‍ ഒരു സ്വകാര്യ ബസ് ഉരസുകയായിരുന്നു. സൈഡ് ഇന്‍ഡിക്കേറ്ററിന് സമീപം പോറല്‍ സംഭവിച്ചിട്ടുണ്ട്. ഈ അപകടത്തിലും യാത്രക്കാരില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. അതേസമയം കെ സ്വിഫ്റ്റ് ബസ് ആദ്യ ദിനം തന്നെ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നതില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ എസ് ആര്‍ ടി സി എം.ഡി ബിജു പ്രഭാകര്‍ ഡിജിപിക്ക് പരാതി നല്‍കി. മനപൂര്‍വ്വം അപകടമുണ്ടാക്കി കെ സ്വിഫ്റ്റ് സര്‍വീസുകളെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും, ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നുമാണ് ആവശ്യം. അപകടം ഉണ്ടാക്കിയ ലോറി പിടിച്ചെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
അപകടങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന എന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പറയുന്നത്. മനപ്പൂര്‍വം അപകടം സൃഷ്ടിച്ചതാണോയെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ സ്വകാര്യ ലോബികളുടെ പങ്ക് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. മനപ്പൂര്‍വമെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. വിശദമായ അന്വേഷണം നടത്തുമെന്ന് ആന്റണി രാജു കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ പൊതുഗതാഗതമേഖലയില്‍ പുതുയുഗത്തിന് തുടക്കം എന്ന അവകാശവാദവുമായാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് തുടക്കമായിരിക്കുന്നത്. ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണിത്. സര്‍ക്കാര്‍ അനുവദിച്ച 100 കോടി കൊണ്ട് വാങ്ങിയ 116 ബസ്സുകളുമായാണ് തുടക്കം, ഇതില്‍ 8 എസി സ്‌ളീപ്പറും, 20 എസി സെമി സ്‌ളീപ്പറും ഉള്‍പ്പെടുന്നു.
കെഎസ്ആര്‍ടിസിയുടെ ദയാവധത്തിന് വഴിവക്കുന്നുവെന്നാരാപോപിച്ച് INTUC, BMS ആഭിമുഖ്യത്തിലുള്ള പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ചടങ്ങ് ബഹിഷ്‌കരിച്ചു. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്നലെ പ്രതിഷേധ ദിനവും സംഘടിപ്പിച്ചു. ഭരണാനുകൂല സംഘടനയും ചടങ്ങില്‍ നിന്ന് വിട്ടു നിന്നു. വിവാദങ്ങളെക്കുറിച്ച് ഒന്നും പറയാതെ, ആശംസകള്‍ രണ്ട് വാചകങ്ങളിലൊതുക്കി മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫിനു ശേഷം വേദി വിട്ടു. ശമ്പളം വിതരണം വൈകുന്നതിലുള്ള കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം ഭയന്ന് കനത്ത സുരക്ഷാ ക്രമീകരണത്തിലാണ് കെ സ്വിഫ്റ്റ് ഉദ്ഘാടന ചടങ്ങ് നടന്നത്. യാത്ര സുഖം, സുരക്ഷിതത്വം, ന്യായമായ നിരക്ക് എന്നിവ കെഎസ്ആര്ടിസി സ്വിഫ്റ്റിലൂടെ അധികൃതര്‍ ഉറപ്പ് നല്‍കുന്നുണ്ട്. കരാര്‍ ജീവനക്കാരാണ് കെ സ്വിഫ്റ്റിലുള്ളത്. അതേസമയം കെ സ്വിഫ്റ്റിനെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ നല്‍കിയ കേസില്‍ കോടതിവിധിയുടെ അടിസ്ഥാനത്തിലായിരിക്കും കമ്പനിയുടെ ഭാവി.