മഴ തുടരുന്നു ; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴ. കനത്ത മഴയെ തുടര്‍ന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറുകളിലും പലയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി എന്നിവടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്. അടുത്ത മണിക്കൂറുകളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം നഗര ഗ്രാമീണ മേഖലകളില്‍ നല്ല മഴ ലഭിച്ചു.

തെക്കന്‍ തമിഴ്‌നാടിന്റെ തീരദേശത്തിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതാണ് മഴ തുടരാന്‍ കാരണം. അടുത്ത അഞ്ച് ദിവസം വരെ ഇടിമിന്നലോട് കൂടിയ മഴ തുടരും. കേരളാതീരത്ത് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. വെള്ളിയാഴ്ച മുതല്‍ മഴ കുറയാനാണ് സാധ്യത.അതേസമയം, മഴയില്‍ കുട്ടനാട് കൈനകരിയില്‍ 600 ഏക്കര്‍ പാടം മട വീണ് നശിച്ചു. കോഴിക്കോട് തോട്ട്മുക്കം യു പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു. കുട്ടനാട് കൈനകരി സി ബ്ലോക്കില്‍ ഈയാഴ്ച കൊയ്യാനിരുന്ന 600 ഏക്കര്‍ പാടമാണ് മട വീണ് നശിച്ചത്. ലക്ഷണങ്ങളുടെ നഷ്ടമുണ്ടായെന്ന് കര്‍ഷകര്‍ പറയുന്നു. വേനല്‍ മഴ മാറാതെ നില്‍ക്കുമ്പോള്‍ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയിലെ മറ്റ് പാടങ്ങളും മടവീഴ്ച ഭീഷണിയിലാണ്. കോഴിക്കോട് തോട്ട്മുക്കം സര്‍ക്കാര്‍ യുപി സ്‌കൂളിലെ 40 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് മഴയില്‍ തകര്‍ന്നത്.