കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ മാറ്റി വെച്ചു
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ ഇന്നുണ്ടാകില്ല. കാവ്യയുടെ വീടായ പദ്മ സരോവരം വീട്ടില്‍ വെച്ച് ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. തുടര്‍ നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കാവ്യ മാധവന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍, വീട്ടില്‍ വച്ച് ചോദ്യം ചെയ്യാന്‍ ആകില്ലെന്നാണ് ക്രൈംബ്രാഞ്ച് സംഘം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. വീടിന് പകരം സൗകര്യപ്രദമായ സ്ഥലം പറയാന്‍ കാവ്യയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. താമസ സ്ഥലമോ സൗകര്യപ്രദമായ സ്ഥലത്തോ ചോദ്യം ചെയ്യാമെന്നാണ് ചട്ടമെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സ്റ്റേഷനില്‍ വിളിപ്പിക്കരുത് എന്ന് മാത്രമേയുള്ളൂ. എന്നാല്‍, കാവ്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
സാക്ഷി എന്ന നിലയിലാണ് നിലവില്‍ കാവ്യ മാധവനെ അന്വേഷണ സംഘം വിളിപ്പിരുന്നത്. പുറത്തുവന്ന ശബ്ദരേഖകള്‍ അനുസരിച്ചും മുഖ്യപ്രതി പള്‍സര്‍ സുനിലിന്റെ മൊഴികളനുസരിച്ചും കാവ്യ മാധവനിലേക്ക് വിരല്‍ ചൂണ്ടുന്ന ചില സൂചനകളുണ്ട്. ഇതില്‍ വ്യക്തത വരുത്താന്‍ കൂടിയാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. പ്രൊജക്ടര്‍ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചും ചില സംഭാഷണങ്ങള്‍ കേള്‍പ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. പദ്മ സരോവരം വീട് ഇതിന് പറ്റിയ ഇടമല്ലെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍. അതേസമയം, ചോദ്യം ചെയ്യല്‍ കാവ്യയുടെ കൊച്ചി വെണ്ണലയിലെ ഫ്‌ലാറ്റിലാകാന്‍ സാധ്യതയുണ്ട്. ഇക്കാര്യം കുടുംബം പരിഗണിക്കുകയാണ്.
അതിനിടെ, കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ദിലീപിനെ വീണ്ടും ജയിലിലടയ്ക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കൊച്ചിയിലെ വിചാരണക്കോടതില്‍ ഹര്‍ജി നല്‍കി. കേസിനെ സ്വാധീനിക്കാനോ അട്ടിമറിക്കാനോ യാതൊരു കാരണവശാലും ശ്രമിക്കരുതെന്ന വ്യവസ്ഥയോടെയായിരുന്നു 2017 ല്‍ ഹൈക്കോടതി ദിലീപിന് ജാമ്യം നല്‍കിയത്. ഇത് ലംഘിക്കപ്പെട്ടെന്ന് പ്രോസിക്യൂഷന് ബോധ്യപ്പെട്ടാല്‍ വിചാരണക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിരുന്നു.
വിസ്താരം അട്ടിമറിക്കാനും അന്വേഷണ ഉദ്യോഗസ്ഥരെത്തന്നെ അപായപ്പെടുത്താനും ദിലീപിന്റെ ഭാഗത്ത് നിന്ന് കരുതിക്കൂട്ടിയുളള ഇടപെടല്‍ ഉണ്ടായി എന്ന് ആരോപിച്ചാണ് അന്വേഷണസംഘം ഇപ്പോള്‍ കൊച്ചിയിലെ വിചാരണക്കോടതിയെ സമീപിച്ചത്. അതിനിടെ, കേസുമായി ബന്ധപ്പെട്ട കോടതി രേഖകള്‍ ചോര്‍ന്നെന്ന പ്രതിഭാഗം ആരോപണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ബൈജു പൗലോസ് വിചാരണ കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കി. സായ് ശങ്കറില്‍ നിന്ന് വാങ്ങിയ ലാപ്‌ടോപ് അടക്കമുളള ഡിജിറ്റല്‍ ഉപകരണങ്ങള്‍ അടിയന്തരമായി ഹാജരാക്കാന്‍ ദിലീപിന്റെ അഭിഭാഷകരോട് വധഗൂഡാലോചനാക്കേസിലെ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.