പാര്‍ട്ടി കോണ്‍ഗ്രസില്‍ സില്‍വര്‍ ലൈനിന് പച്ചക്കൊടി കാട്ടിയിട്ടില്ല എന്ന് യെച്ചൂരി
പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ലൈന്‍ പദ്ധതിക്ക് സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പച്ചക്കൊടി കാട്ടിയിട്ടില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സില്‍വര്‍ലൈന്‍ പദ്ധതി സമ്മേളന അജണ്ടയുടെ ഭാഗമായിരുന്നില്ല. പദ്ധതിക്ക് പച്ചക്കൊടി കാട്ടിയോ എന്ന ചോദ്യത്തിന് ട്രെയിന്‍ വരാതെ ഗ്രീന്‍ സിഗ്‌നല്‍ കാണിക്കാന്‍ കഴിയില്ലല്ലോ എന്നും സീതാറാം യെച്ചൂരി പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി കേരളം വികസനത്തിന് അനിവാര്യമെന്ന് സീതാറാം യെച്ചൂരി നേരത്തെ വ്യക്തമായിതാണ്. കേരളാ വികസനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. സില്‍വര്‍ലൈന്‍ അത്തരത്തിലൊരു പദ്ധതിയാണ്. കേരളത്തിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിയേയും മുംബൈഅഹമ്മദാബാദ് ബുള്ളറ്റ് ട്രെയില്‍ പദ്ധതിയേയും തമ്മില്‍ താരതമ്യപ്പെടുത്തരുതെന്നും യെച്ചൂരി അഭ്യര്‍ത്ഥിച്ചു.
പദ്ധതിയുടെ നയങ്ങള്‍ വ്യത്യസ്തമാണെന്നാണ് സിപിഐഎം ജനറല്‍ സെക്രട്ടറി നല്‍കുന്ന വിശദീകരണം. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭൂമിയേറ്റെടുക്കല്‍ വ്യവസ്ഥയിലാണ് എതിര്‍പ്പുയര്‍ത്തിയത്. കെ റെയില്‍ പദ്ധതിയുടെ ഭൂമിയേറ്റെടുക്കല്‍ വ്യവസ്ഥകള്‍ തീരുമാനിക്കുന്നതേയുള്ളൂ. നിലവില്‍ സര്‍വേ മാത്രമാണ് നടക്കുന്നതെന്നും മറ്റെല്ലാം പിന്നീടാണെന്നും യെച്ചൂരി ആവര്‍ത്തിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. ”കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും തമ്മില്‍ നിലവില്‍ പദ്ധതിയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി വരികയാണ്. അത് പ്രാരംഭഘട്ടത്തിലാണ്. ഇപ്പോഴതിന് പച്ചക്കൊടി കാട്ടേണ്ട കാര്യമില്ല. പാര്‍ട്ടി കോണ്‍ഗ്രസിന്റെ അജണ്ടയില്‍ പദ്ധതിക്ക് പച്ചക്കൊടി കാട്ടേണ്ട കാര്യമില്ല. പാര്‍ട്ടി കോണ്‍ഗ്രസ് അജണ്ടയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുണ്ടായിരുന്നില്ല. വരാത്ത തീവണ്ടിക്ക് എങ്ങനെ പച്ചക്കൊടി കാട്ടും?”, യെച്ചൂരി ചോദിക്കുന്നു.
അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്ന സംസ്ഥാന നേതൃത്വത്തെ തല്‍ക്കാലം തടയുന്നില്ല സിപിഎം ദേശീയനേതൃത്വം. സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രാനുമതിക്കായുള്ള ശ്രമം തുടരട്ടെ എന്ന് ദേശീയനേതൃത്വം നിലപാടെടുക്കുന്നു. എന്നാല്‍ ദേശീയ തലത്തില്‍ പാര്‍ട്ടിയെടുക്കുന്ന പരിസ്ഥിതി നിലപാടില്‍ വെള്ളം ചേര്‍ക്കേണ്ടതില്ലെന്നാണ് യച്ചൂരി ഉള്‍പ്പടെയുള്ളവരുടെ അഭിപ്രായം. വിവാദങ്ങള്‍ക്ക് ഇടയാക്കിയേക്കാവുന്ന പരസ്യ എതിര്‍പ്പിന് ഇപ്പോഴില്ലെങ്കിലും പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് വന്ന ശേഷം പൂര്‍ണ്ണ സമ്മതം നല്‍കാമെന്നാണ് യെച്ചൂരി ഉള്‍പ്പടെയുള്ളവര്‍ പറയുന്നത്. കേന്ദ്ര നേതൃത്വവും സംസ്ഥാന ഘടകവും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് പറഞ്ഞ ബൃന്ദ കാരാട്ട് ജനങ്ങളുടെ വികാരം മനസ്സിലാക്കിയേ മുന്നോട്ട് പോകൂ എന്ന് വിശദീകരിച്ചു. സാമൂഹികാഘാതപഠനത്തില്‍ ശുഭപ്രതീക്ഷയുണ്ട് എന്നാണ് പൊളിറ്റ് ബ്യൂറോ അംഗമായ എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞത്.