കൈനീട്ട വിതരണം ; സുരേഷ് ഗോപിയുടെ കാല്‍തൊട്ട് വന്ദിച്ച് സ്ത്രീകള്‍

സിനിമാ താരവും എം പിയുമായ സുരേഷ് ഗോപി വിഷു കൈ നീട്ടം നല്‍കിയപ്പോള്‍ സ്ത്രീകള്‍ കാല്‍ തൊട്ടു വന്ദിച്ചത് വിവാദമായി. കാറിലിരുന്ന് നടന്‍ വിഷുകൈനീട്ടം നല്‍കുന്നതും പണം വാങ്ങിയ ശേഷം സ്ത്രീകള്‍ കാല്‍തൊട്ട് അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോ പുറത്തുവന്നു. വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി. പിന്നാലെ സുരേഷ് ഗോപിയുടെ പ്രവര്‍ത്തിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.തന്റെ കാറില്‍ കൈനീട്ടവുമായി സുരേഷ് ഗോപി ഇരിക്കുന്നു. ഇത് വാങ്ങുവാനായി സ്ത്രീകള്‍ വരിയായി എത്തുകയും ഓരോരുത്തരായി പണം വാങ്ങിയശേഷം കാല്‍തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഒടുവില്‍ പണം വാങ്ങിയ എല്ലാവരും ചേര്‍ന്ന് നടനൊപ്പം ഫോട്ടോയും എടുക്കുന്നുമുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

വെള്ളിയാഴ്ച മുതല്‍ തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൈനീട്ട വിതരണത്തിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. തൃശൂരിലെ ബിജെപി നേതൃത്വത്തിന്റെ കൂടി സഹകരണത്തോടെയാണ് നടന്റെ പേരില്‍ വിഷുകൈനീട്ടം വിതരണം ചെയ്തത്. ഓരോ മേഖലയിലേയും പ്രാദേശിക നേതാക്കളും വിവിധയിടങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. നേരത്തെ മേല്‍ശാന്തിമാര്‍ക്ക് വിഷുക്കൈനീട്ടത്തിനുള്ള തുക നല്‍കിയത് വിവാദമായതോടെ തുക സ്വീകരിക്കുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിലക്കിയിരുന്നു. വടക്കുംനാഥ ക്ഷേത്രത്തിലെ മേല്‍ശാന്തിക്ക് 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകള്‍ നല്‍കിയതിലാണ് ദേവസ്വം ബോര്‍ഡ് ഇടപെട്ടത്. കൈനീട്ടനിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നും ചില വ്യക്തികളില്‍നിന്ന് സംഖ്യ ശേഖരിക്കുന്നതില്‍ നിന്ന് മേല്‍ശാന്തിമാരെ വിലക്കുന്നു എന്നും ദേവസ്വം ബോര്‍ഡിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സുരേഷ് ഗോപിയുടെ പേര് പറയാതെയാണ് വിലക്ക്. ദേവസ്വം ബോര്‍ഡിന്റേതല്ലാത്ത പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്കും സുരേഷ് ഗോപി വിഷുക്കൈനീട്ടനിധി നല്‍കിയിരുന്നു. വിഷുക്കൈനീട്ടത്തെ മറയാക്കി രാഷ്ട്രീയ നീക്കമാണ് നടത്തുന്നതെന്നാണ് സുരേഷ് ഗോപിക്കെതിരെ സിപിഐ ആരോപിക്കുന്നത്. ക്ഷേത്രങ്ങളും പൂരങ്ങളും വോട്ടുപിടിക്കാനുള്ള താവളങ്ങളാക്കി മാറ്റുന്നത് തിരിച്ചറിയാന്‍ തൃശൂരിലെ പൊതുസമൂഹത്തിന് കഴിവുണ്ടെന്ന് സിപിഐ നേതാവ് പി ബാലചന്ദ്രന്‍ എം എല്‍ എ പറഞ്ഞു.