കന്യാകുമാരി : വിദ്യാര്‍ത്ഥികളെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ച അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍
വിദ്യാര്‍ത്ഥികളെ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ച അധ്യാപികയെ തമിഴ്‌നാട് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. കന്യാകുമാരി ജില്ലയിലെ ഇരണിയല്‍ കണ്ണാട്ടുവിള ഗവണ്മെന്റ് ഹൈസ്‌കൂളിലാണ് സംഭവം. സ്‌കൂളില്‍ തയ്യല്‍ അധ്യാപികയായി ജോലി ചെയ്യുന്ന പിയാട്രിസ് തങ്കം തയ്യല്‍ ക്ലാസില്‍ വെച്ച് ഹിന്ദു ദൈവങ്ങളെ അവമതിച്ച് സംസാരിക്കുകയും ഭഗവത് ഗീതയെ അപകീര്‍ത്തിപ്പെടുത്തുകയും ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലാന്‍ നിര്‍ബന്ധിക്കുകയും ചെയ്തെന്നാണ് പരാതി. ഈ സ്‌കൂളില്‍ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള 300-ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ വിദ്യാര്‍ഥികള്‍ രക്ഷിതാക്കളെ വിവരമറിയിച്ചു. ഇതേത്തുടര്‍ന്ന് രക്ഷിതാക്കള്‍ ചൊവ്വാഴ്ച ഇരണിയല്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഒപ്പം സ്‌കൂളിലെത്തി ഹെഡ്മാസ്റ്റര്‍ക്കും പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂളിലെത്തി മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ സംഭവം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരോട് വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയ മൊഴിയുടെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായി. തുടര്‍ന്ന് ജില്ലാ കളക്ടര്‍ അരവിന്ദ് ആരോപണ വിധേയയായ അധ്യാപികക്ക് എതിരെ അന്വേഷണം നടത്താന്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍ പുകഴേന്തിയോട് ഉത്തരവിട്ടു. വിദ്യാഭ്യാസ വകുപ്പ് തക്കല റീജിയണല്‍ ഓഫീസര്‍ എമ്പെരുമാള്‍ സ്‌കൂളിലെത്തി വിവാദ മതംമാറ്റ വീഡിയോയേക്കുറിച്ച് ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതരോടും ആരോപണ വിധേയയായ പിയാട്രിസ് തങ്കത്തോടും വിശദീകരണം തേടി.തുടര്‍ന്ന് പിയാട്രിസ് തങ്കത്തെ ബുധനാഴ്ച വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു.