കെ എസ് ആര്‍ ടി സി ; പണിയെടുപ്പിക്കും, കൂലി ചോദിച്ചാല്‍ കൈമലര്‍ത്തും’; 19 മുതല്‍ സമരം ചെയ്യുമെന്ന് സി ഐ ടി യു

ശമ്പളം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹം നടത്താന്‍ സിഐടിയു. 28 ന് സൂചനാ പണിമുടക്കും 19 മുതല്‍ ചീഫ് ഓഫീസുകള്‍ക്ക് മുന്നില്‍ സിഐടിയു സമരവും നടത്തും. പ്രാപ്തിയില്ലെങ്കില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെ പിരിച്ചുവിടണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. മൂന്നക്ഷരവും വെച്ച് ഇരുന്നാല്‍ പോരെന്നും സിഎംഡിക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നു. കിട്ടുന്ന പണം ഫലപ്രദമായി മാനേജ്‌മെന്റ് വിനിയോഗിക്കുന്നില്ല. കഴിഞ്ഞമാസം വരുമാനമായി കിട്ടിയ 165 കോടി വകമാറ്റി ചിലവഴിച്ചതായും സിഐടിയു ആരോപിച്ചു. പണിമുടക്ക് കാരണം വരുമാനം കുറഞ്ഞെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ല. കൃത്യമായി ശമ്പളം ഉറപ്പാക്കുന്നത് വരെ സംസാരിക്കുമെന്നും സിഐടിയു വ്യക്തമാക്കി.

ഇത്തവണ വിഷുവിനും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കിട്ടില്ല എന്ന് ഉറപ്പായി. ബാങ്ക് അവധിയായതിനാല്‍ ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ ഇതുവരെ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ എത്തിയിട്ടില്ല. ഇന്നും നാളെയും ബാങ്ക് അവധിയായതിനാല്‍ വിഷുവിന് മുമ്പ് ശമ്പളം കിട്ടുമെന്ന ജീവനക്കാരുടെ സ്വപ്നവും വെറുതെയായി. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ സിഐടിയുസി – എഐടിയുസി സംഘടനകള്‍ ഈ മാസം 28 ന് സൂചനാ പണിമുടക്കാണ് നടത്തുക. വിഷുവിന് മുന്‍പ് ശമ്പളം കൊടുത്തില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് അനിശ്ചിതകാല സമരമെന്ന് യൂണിയനുകള്‍ പറഞ്ഞിരുന്നു. 30 കോടി കിട്ടിയിട്ടും കാര്യമില്ല, ശമ്പളം കൊടുത്ത് തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇനിയും 50 കോടിയെങ്കിലും തരേണ്ടി വരുമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് പറഞ്ഞത്.

മാസം അഞ്ചാം തിയതിയെങ്കിലും ശമ്പളം തരണമെന്ന് ആവശ്യപ്പെട്ട് ഇടത് യൂണിയനുകള്‍ ഈ മാസം 28-ന് സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. സമരത്തിന് ബിഎംഎസ്സും പിന്തുണ പ്രഖ്യാപിച്ചു. ഇതോടെയാണ് വൈകിട്ടോടെ ശമ്പളയിനത്തില്‍ 30 കോടി നല്‍കാന്‍ ധനവകുപ്പ് ഇന്നലെ തീരുമാനിച്ചത്. എന്നാല്‍, കെഎസ്ആര്‍ടിസിയുടെ കയ്യിലുള്ള തുക കൂട്ടിയാലും ശമ്പളം നല്‍കാന്‍ തികയില്ലെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. കൂടുതല്‍ സഹായം വേണമെന്ന് കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് ആവശ്യപ്പെടും. പക്ഷേ, പെന്‍ഷന്‍ ബാധ്യതയടക്കം ഈ മാസം ഇതിനകം 230 കോടി അനുവദിച്ചെന്നും കൂടുതല്‍ തുക ഉടന്‍ നല്‍കാനാകില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്ന കോര്‍പ്പറേഷന്‍ സര്‍ക്കാരിനും വന്‍ ബാധ്യതയായി മാറി കഴിഞ്ഞു.