ന്യൂയോര്‍ക്ക് മെട്രോയിലെ വെടിവെയ്പ് ; അക്രമി അറസ്റ്റില്‍
ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കില്‍ സബ് വേ മെട്രോ സ്റ്റേഷനില്‍ വെടിവെയ്പില്‍ ഒരാള്‍ അറസ്റ്റില്‍. ഭൂഗര്‍ഭ മെട്രോയില്‍ അക്രമം നടത്തിയ ഫ്രാങ്ക് ജെയിംസ് എന്ന ആളാണ് അറസ്റ്റിലായത്. വെടിവയ്പ്പുണ്ടായ ബ്രൂക് ലിനിന് 13 കി.മീ അകലെ മാന്‍ഹട്ടനില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. 33 തവണയാണ് ഇയാള്‍ മെട്രോയിലെ ആള്‍ക്കൂട്ടത്തിലേക്ക് വെടിവെച്ചത്. ന്യുയോര്‍ക്ക് മേയര്‍ എറിക്ക് ആദമ്‌സാണ് അക്രമി അറസ്റ്റിലായ വിവരം അറിയിച്ചത്. അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ആളപായം ഉണ്ടായില്ലെങ്കിലും 13 പേര്‍ക്കാണ് പരിക്കേറ്റത്. അതേസമയം വെടിയേറ്റ പത്തുപേരില്‍ അഞ്ചുപേരുടെ നില ഇപ്പോഴും ഗുരുതരമാണ്.
ബ്രൂക്ക്ലിന്‍ സണ്‍സെറ്റ് പാര്‍ക്കിന് സമീപത്തെ സ്ട്രീറ്റ് 36 സബ്‌വേ സ്റ്റേഷനിലാണു വെടിവയ്പുണ്ടായത്. മാസ്‌ക് ധരിച്ചെത്തിയ പ്രതി യാത്രക്കാര്‍ക്ക് നേരെ ഗ്യാസ് ബോംബെറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ഇവിടെനിന്നും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു. അതിനിടയില്‍ ഫ്രാങ്ക് ജെയിംസിന്റെ യൂട്യൂബ് ചാനലില്‍ നിന്ന് അക്രമം, രാഷ്ട്രീയ എതിര്‍പ്പുകള്‍ എന്നിവ വ്യക്തമാക്കുന്ന നിരവധി വീഡിയോകള്‍ ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇയാളുടെ പേജ് നീക്കം ചെയ്തിരുന്നു. വീഡിയോകളില്‍ ന്യൂയോര്‍ക്ക് മേയര്‍ക്കെതിരെയും ജെയിംസ് വിമര്‍ശനമുന്നയിച്ചിരുന്നു.