കര്‍ണാടകയില്‍ ക്ഷേത്രത്തിലെ രഥോത്സവം ആരംഭിക്കുന്നത് ഖുര്‍ആന്‍ പാരായണത്തോടെ
ഇസ്ലാം വിരുദ്ധ നടപടികള്‍ കൊണ്ട് ദേശിയ ശ്രദ്ധ നേടിയ കര്‍ണ്ണാടകയില്‍ തന്നെയാണ് ഇത്തരത്തില്‍ ഒരു സംഭവം. കര്‍ണാടക ബേലൂരിലെ ചെന്നകേശവ ക്ഷേത്രത്തിലെ രഥയാത്ര ആരംഭിക്കുന്നത് ഖുര്‍ആന്‍ പാരായണത്തോടെ. മതവിശ്വാസത്തിന് എതിരാണെന്ന വാദവുമായി ചില ഹിന്ദു സംഘടനകള്‍ രംഗത്തു വന്നു എങ്കിലും ആചാരം മുടക്കാന്‍ ഇതുവരെ ക്ഷേത്രം അധികാരികള്‍ തയ്യാറായിട്ടില്ല. ഖാസി സയ്യിദ് സജീദ് പാഷയാണ് രഥയാത്രയ്ക്കു മുന്‍പ് ഖുര്‍ആന്‍ പാരായണം നടത്തിയത്. 1116ല്‍ ചോല വംശത്തിനെതിരെ നേടിയ നേടിയ വിജയത്തിന്റെ പ്രതീകമായി ഹോയ്സല രാജാവ് വിഷ്ണുവര്‍ധനയാണ് ഈ അമ്പലം പണികഴിപ്പിച്ചത്. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി വിശ്വാസികളാണ് അമ്പലത്തില്‍ എത്തുന്നത്. രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഇവിടെ രഥയാത്ര നടത്തിയിരുന്നില്ല.
രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നടക്കുന്ന വര്‍ഗീയ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ നൂറുകണക്കിനു പൊലീസുകാരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടത്തിയത്. അതുപോലെ ഉത്സവസ്ഥലത്ത് അഹിന്ദുക്കളായവര്‍ക്ക് വ്യാപാരം നടത്തുന്നതിനും വിലക്കുണ്ടായിരുന്നു. എന്നാല്‍ ഈ വിലക്കും അധികൃതര്‍ നീക്കി. രഥോത്സവത്തിന് ആരംഭം കുറിക്കുന്നത് ഖുറാനിലെ ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ്. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരമാണിത്. എന്നാല്‍ സമീപകാലത്ത് സംസ്ഥാനത്ത് രൂപപ്പെട്ട മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭാഗീയത വലിയ ആശയക്കുഴപ്പം ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. ഉത്സവം പഴയ രീതിയില്‍ തന്നെ നടത്താന്‍ ബുധനാഴ്ചയാണ് അനുമതി ലഭിച്ചത്. പൊലീസ് സുരക്ഷ ഉറപ്പു വരുത്താനും നിര്‍ദേശമുണ്ട്. ഉത്തരവ് വന്നതോടെ പതിനഞ്ചോളം വരുന്ന മുസ്ലീം വ്യാപാരികള്‍ സ്റ്റാളുകള്‍ ആരംഭിച്ചു.