ഉത്സവകാലങ്ങളില്‍ ക്ഷേത്രപ്പറമ്പില്‍ മുസ്ലിങ്ങള്‍ക്ക് മാത്രം വിലക്ക് ; യു പിയിലോ ഗുജറാത്തിലോ അല്ല നമ്പര്‍ വണ്‍ കേരളത്തില്‍
ക്ഷേത്രപ്പറമ്പിലേക്ക് മുസ്ലിങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കണ്ണൂരില്‍ വീണ്ടും വിവാദ ബോര്‍ഡ്. കണ്ണൂര്‍ പയ്യന്നൂരിനടത്തുള്ള മല്ലിയോട്ട് പാലോട്ട് കാവിലാണ് വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്ലിങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേ സമയത്ത് സമാനമായ ബോര്‍ഡ് ഇവിടെ പ്രത്യക്ഷപ്പെട്ടെങ്കിലും വിവാദമായതോടെ നീക്കം ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണ വീണ്ടും ക്ഷേത്രപ്പറമ്പില്‍ സമാനമായ ബോര്‍ഡുകള്‍ സ്ഥാപിച്ചതായി മാധ്യമപ്രവര്‍ത്തകയായ ശരണ്യ എം ചാരു ഫേസ്ബുക്കില്‍ കുറിച്ചു. ‘ഉത്സവകാലങ്ങളില്‍ മുസ്ലിങ്ങള്‍ക്ക് ക്ഷേത്രപ്പറമ്പില്‍ പ്രവേശനമില്ല’ എന്നാണ് ബോര്‍ഡിലുള്ളത്.
ക്ഷേത്രത്തിലെ ആരാധനാ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നാലൂര് സമുദായിമാരുടെ പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തി. ”കഴിഞ്ഞ വര്‍ഷം ഉത്സവത്തോട് അനുബന്ധിച്ച് ഈ ക്ഷേത്രത്തില്‍ വച്ച് മുസ്ലിം മതസ്ഥര്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് കേരളം ഒന്നടങ്കം ചര്‍ച്ച ചെയ്തതായിരുന്നു. ബോര്‍ഡ് വന്‍ വിവാദമാവുകയും വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തതോടെ താത്കാലികമായി അവിടെനിന്ന് മാറ്റിയിരുന്നു എന്നല്ലാതെ സ്ഥിരമായി ഉപേക്ഷിച്ചിരുന്നില്ല എന്ന കാര്യം നേരത്തെ അറിയാമായിരുന്നു.” – ശരണ്യ എം. ചാരു ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഇപ്പോള്‍ വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങുകളില്‍നിന്ന് മുസ്ലിം മതസ്ഥരെ വിലക്കിക്കൊണ്ടുള്ള ബോര്‍ഡ് വീണ്ടും പരസ്യമായി സ്ഥാപിച്ചിരിക്കുകയാണെന്നും അവര്‍ പറയുന്നു.