SDPI പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയത് ജുമുഅ കഴിഞ്ഞ് മടങ്ങുംവഴി
പാലക്കാട് : എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ (47) വെട്ടിക്കൊന്നത് ജുമുഅ കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ മടങ്ങുംവഴി. രണ്ടു കാറുകളിലാണ് അജ്ഞാത സംഘം സുബൈറിനെ പിന്തുടര്‍ന്നത്. ആദ്യത്തെ കാര്‍ ബൈക്ക് ഇടിച്ചുവീഴ്ത്തി. രണ്ടാമത്തെ കാറില്‍നിന്നിറങ്ങിയ സംഘമാണ് വെട്ടിയത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു കൊലപാതകം. വെട്ടേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആര്‍എസ്എസാണ് കൃത്യത്തിന് പിന്നിലെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. രാഷ്ട്രീയവിരോധമാണ് കൊലപാതകത്തിന് കാരണമെന്നും നേതാക്കള്‍ പറഞ്ഞു. ബൈക്കില്‍നിന്നു വീണ് പിതാവിന് പരിക്കു പറ്റിയിട്ടുണ്ട്. സുബൈറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പോപുലര്‍ ഫ്രണ്ട് പാറ ഏരിയ പ്രസിഡന്റാണ് സുബൈര്‍. നാടുനീളെ കലാപം നടത്താന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റഊഫ് ആരോപിച്ചു. കഴിഞ്ഞ നവംബറില്‍ ആര്‍എസ്എസ് നേതാവ് സഞ്ജിത് കൊല്ലപ്പെട്ടത് എലപ്പുള്ളിയിലാണ്. ഇതുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം നിലവിലെ സംഭവങ്ങള്‍ക്ക് ഉണ്ടോ എന്നതില്‍ വ്യക്തതയില്ല. പാലക്കാട് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണോയെന്ന് പരിശോധിച്ചു വരുന്നതായി പൊലീസ് വ്യക്തമാക്കി.
സംഭവ സ്ഥലം സന്ദര്‍ശിച്ച പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസബ പൊലീസ് സ്റ്റേഷനില്‍ പ്രത്യേക യോഗം ചേര്‍ന്നു. തുടര്‍ന്നാണ് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നേതൃത്വം നല്‍കുന്ന സംഘത്തില്‍ 3 സിഐമാരുണ്ട്. പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍ ഡിവൈഎസ്പിമാര്‍ പ്രേത്യക സംഘത്തിന് പുറത്തുനിന്ന് സഹായം നല്‍കും. എലപ്പുള്ളി പ്രദേശത്ത് നിലനില്‍ക്കുന്ന ആര്‍എസ്എസ് – പോപ്പുലര്‍ ഫ്രണ്ട് രാഷ്ട്രീയ വൈരമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊലയാളി സംഘത്തില്‍ അഞ്ചുപേര്‍ ഉള്‍പ്പെിട്ടുണ്ടെന്നും ഇവര്‍ കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ്ട് കൃത്യത്തിന് ശേഷം പോയതെന്നും പൊലീസിന് വിവരം കിട്ടി. കൊഴിഞ്ഞാമ്പാറയില്‍ നിന്ന് നേരെ തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാമെന്നും കരുതുന്നു. കൊലയാളി സംഘം രക്ഷപ്പെട്ടത് വാഗണര്‍ കാറിലാണ്.