നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം , കോടതി ജീവനക്കാരെ ചോദ്യം ചെയ്യും

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം കോടതി ജീവനക്കാരിലേക്കും. നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന പരാതിയില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചു. ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അനുമതി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ശിരസ്തദാറിനേയും ക്ലാര്‍ക്കിനേയും ചോദ്യം ചെയ്യും. 2018 ഡിസംബര്‍ 13 ന് കോടതിയുടെ കൈവശമായിരുന്നപ്പോളാണ് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കോടതി ജീവനക്കാരിലേക്ക് എത്തിയത്.

വിചാരണ കോടതിയിലെ നിര്‍ണായക രേഖകള്‍ നേരത്തെ ദിലീപിന്റെ ഫോണില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിചാരണ കോടതിയിലെ ജീവനക്കാരെയും ചോദ്യം ചെയ്യാന്‍ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തോട് കോടതി റിപ്പോര്‍ട്ട് തേടി. നടിയെ ആക്രമിച്ച കേസിലും വധ ഗൂഡാലോചനാക്കേസിലും അന്വേഷണം വേഗത്തിലാക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ദിലീപിന്റെ അഭിഭാഷകരെയടക്കം അടുത്തയാഴ്ച ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കാവ്യ മാധവന്റെ പങ്കാളിത്തം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തിയശേഷം നോട്ടീസ് നല്‍കി വിളിച്ചുവരുത്തും. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യാന്‍ വീണ്ടും നോട്ടീസ് നല്‍കും. കഴിഞ്ഞ ദിവസം ഇവരെ വിളിപ്പിച്ചെങ്കിലും സ്ഥലത്തില്ലെന്ന മറുപടിയാണ് നല്‍കിയത്. അടുത്തയാഴച ഇരുവരേയും ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഇവരുടെ പക്കല്‍ എത്തിയോ എന്നാണ് പരിശോധന നടത്തുന്നത്.