കേരളം ഗുണ്ടാസംഘങ്ങളുടെ പറുദീസയായി ; കെ സുധാകരന്‍

കേരളത്തില്‍ ആരു വേണമെങ്കിലും ഏതു സമയത്തും കൊല്ലപ്പെടാവുന്ന അവസ്ഥയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. സ്വന്തം സുരക്ഷ മാത്രം നോക്കാതെ ജനങ്ങളുടെ സുരക്ഷ കൂടി മുഖ്യമന്ത്രി ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുകയാണെന്നും സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് നിര്‍ജ്ജീവമാണെന്നും അദ്ദേഹം പറഞ്ഞു. അക്രമ സാധ്യത മുന്‍ക്കൂട്ടി തിരിച്ചറിയാനോ അതിന് തടയിടാനോ സംസ്ഥാനത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് കഴിയുന്നില്ല. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്ത വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്നും കെ സുധാകരന്‍ പരിഹസിച്ചു.

കൊലപാതകം നടന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് പൊലീസിന്റെ പിടിപ്പുകേടാണെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെ നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. അഞ്ചംഗ കൊലയാളി സംഘം കൊഴിഞ്ഞാമ്പാറ എത്തിയശേഷം തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചനയെന്ന് ഇന്നലെത്തന്നെ പൊലീസ് പറഞ്ഞിരുന്നു. കൃത്യമായി തയാറാക്കിയ പദ്ധതി പ്രകാരമാണ് കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനു മറുപടി എന്നോണം ഇന്ന് രാവിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസിനെ ബൈക്കില്‍ എത്തിയ ആറംഗ സംഘം കടയില്‍ കയറി വെട്ടി കൊലപ്പെടുത്തിയിരുന്നു.