മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ചികിത്സാച്ചെലവ് 29.82 ലക്ഷം

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയില്‍ പോയതിന്റെ ചിലവ് 29.82 ലക്ഷം. അതേസമയം നടപടി ക്രമങ്ങളില്‍ പാളിച്ച ഉണ്ടായത് കാരണം ഇതുവരെ ഈ തുക അനുവദിച്ചിട്ടില്ല. ജനുവരി 11 മുതല്‍ 26 വരെ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്കായി പോയതിന്റെ തുക മുഖ്യമന്ത്രിക്ക് അനുവദിക്കുന്നതിലെ നടപടിക്രമങ്ങളിലാണ് പാളിച്ചയുണ്ടായത്. മാര്‍ച്ച് 30 ന് മുഖ്യമന്ത്രി നേരിട്ട് നല്‍കിയ അപേക്ഷയില്‍ ഈ മാസം 13ന് തുകയനുവദിച്ച് ഉത്തരവിറങ്ങിയിരുന്നു. അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന് 29.82 ലക്ഷം രൂപ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. തുകയനുവദിച്ച് ഈ മാസം13 ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ വസ്തുതാ പിഴവുണ്ടെന്നു ചൂണ്ടികാട്ടിയാണ് റദ്ദാക്കല്‍. തുക കിട്ടാനായി പുതിയ അപേക്ഷ സമര്‍പ്പിച്ച് പുതുക്കി ഉത്തരവിറക്കുന്നതു വരെ കാത്തിരിക്കണം.

തുടര്‍പരിശോധനയില്‍ ക്രമപ്രകാരമല്ലാതെയോ, അധികമായോ തുക നല്‍കിയതായി കണ്ടാല്‍ തിരിച്ചടയ്‌ക്കേണ്ടി വരുമെന്ന് പണമനുവദിച്ച ഉത്തരവില്‍ എഴുതി. ഇത് സ്വാഭാവികമാണ്. എന്നാല്‍ പിന്നാലെയാണ് ഇന്നലെ തുകയനുവദിച്ച ഉത്തരവ് റദ്ദാക്കി പൊതുഭരണ വകുപ്പ് പുതിയ ഉത്തരവിറക്കിയത്. മുന്‍ ഉത്തരവില്‍ വസ്തുതാപരമായ പിഴവുണ്ടെന്നാണ് വിശദീകരണം. ഇതോടെ തുക ലഭിക്കാനായി മുഖ്യമന്ത്രി ഇനിയും കാത്തിരിക്കണം. ആദ്യ അപേക്ഷ മുഖ്യമന്ത്രി നേരിട്ടാണ് നല്‍കിയിരുന്നത്. ഈ അപേക്ഷയില്‍ അധിക തുക വാങ്ങിയത് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി തിരിച്ചടയ്ക്കണമെന്ന നിഷ്‌കര്‍ഷിച്ചതാണ് പിഴവായതെന്നാണ് അനുമാനം. പിഴവ് തിരുത്തി പുതിയ ഉത്തരവിറക്കുന്നതിന് മുഖ്യമന്ത്രിക്ക് പകരം, പ്രൈവറ്റ് സെക്രട്ടറി പുതിയ അപേക്ഷ സമര്‍പ്പിക്കും. പിന്നീട് തുക നല്‍കാനായി പുതിയ ഉത്തരവിറക്കും. 29,82,039 രൂപയാണ് മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയ്ക്കായി ചെലവായത്. ഭരണത്തലവന് വേണ്ടിയുള്ള പ്രധാന ഉത്തരവില്‍ കീഴിലുള്ള വകുപ്പിന് പാളിച്ചയുണ്ടായെന്നതാണ് ശ്രദ്ധേയം.