ക്ഷമ പരീക്ഷിക്കരുത് ; പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാന്‍ സര്‍ക്കാര്‍

പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാര്‍. അഫ്ഗാനിസ്ഥാനിലെ ഖോസ്ത്, കുനാര്‍ പ്രവിശ്യകളില്‍ അടുത്തിടെ നടത്തിയ വ്യോമാക്രമണത്തില്‍ 40 ലധികം സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ പാകിസ്ഥാനെതിരെ പ്രതിഷേധവുമായി താലിബാന്‍. പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും അല്ലാത്തപക്ഷം അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകണമെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ ഡെപ്യൂട്ടി മന്ത്രി സബിയുള്ള മുജാഹിദ് പറഞ്ഞു. നയതന്ത്ര മാര്‍ഗങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്നം പരിഹരിക്കാനാണ് ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നത്. ഇത്തരം പ്രവൃത്തികള്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ സംഘര്‍ഷം സൃഷ്ടിക്കുമെന്നും ഇത് ആര്‍ക്കും ഗുണകരമാകാത്ത രീതിയിലേക്ക് നയിക്കുമെന്നും താലിബാന്റെ മുഖ്യ വക്താവ് കൂടിയായ സബിയുള്ള മുജാഹിദ് പറഞ്ഞു പറഞ്ഞു.

പാക്കിസ്ഥാന്റെ സമീപകാല വ്യോമാക്രമണങ്ങളെ അപലപിച്ച മുജാഹിദ്, ഇത്തരം നീക്കങ്ങള്‍ ആവര്‍ത്തിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പറഞ്ഞു, എഎന്‍ഐ ഉദ്ധരിച്ച് ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച, താലിബാന്‍ ഭരണകൂടത്തിന്റെ വിദേശകാര്യ മന്ത്രാലയം പാകിസ്ഥാനിലെ അഫ്ഗാന്‍ പ്രതിനിധി മന്‍സൂര്‍ അഹമ്മദ് ഖാനെ കാബൂളില്‍ വിളിച്ചുവരുത്തുകയും ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ ആവശ്യപ്പെടുകയും ചെയ്തു. തെക്കുകിഴക്കന്‍ ഖോസ്റ്റ് പ്രവിശ്യയിലെ സ്പെര ജില്ലയില്‍ പാക്കിസ്ഥാന്റെ വിമാനങ്ങള്‍ സിവിലിയന്മാരുടെ വീടുകള്‍ ബോംബെറിഞ്ഞ് 60 പേരെങ്കിലും കൊല്ലപ്പെട്ടതായി ഖാമ പ്രസ് പറഞ്ഞു. പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസ് ആക്രമണം സ്ഥിരീകരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ നിന്ന് തങ്ങളുടെ സുരക്ഷാ സേന ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ താലിബാന്‍ അധികാരികളോട് ആവശ്യപ്പെട്ടുവെന്നും പാക് സര്‍ക്കാര്‍ ഞായറാഴ്ച പറഞ്ഞു. ”പാകിസ്ഥാനിനുള്ളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കുന്നു,” പാക് വിദേശകാര്യമന്ത്രാലയം ആരോപിച്ചതായി, എപി റിപ്പോര്‍ട്ട് ചെയ്തു.