പാര്‍ട്ടി കോണ്‍ഗ്രസിലെ യെച്ചൂരിയുടെ യാത്ര വിവാദത്തില്‍ ; ഉപയോഗിച്ചത് ലീഗ് പ്രവര്‍ത്തകന്റെ സ്വകാര്യ വാഹനം

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ എത്തിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ചത് ക്രിമിനല്‍ കേസിലെ പ്രതിയുടെ വാഹനം എന്ന ആരോപണം. വിമാനത്താവളത്തില്‍ നിന്ന് കണ്ണൂരിലേക്ക് സീതാറാം യെച്ചൂരി യാത്ര ചെയ്ത KL18 AB 5000 നമ്പര്‍ ഫോര്‍ച്ച്യൂണര്‍ വണ്ടിയെ സംബന്ധിച്ചാണ് ഇപ്പോള്‍ വിവാദം ഉയരുന്നത്. ഇരിങ്ങണ്ണൂര്‍ സ്വദേശി ചുണ്ടയില്‍ സിദ്ദിഖിന്റെതാണ് വാഹനം. നിരവധി കേസില്‍ പ്രതിയായ സിദ്ദിഖ് പകല്‍ ലീഗും രാത്രി എസ്ഡിപിഐ പ്രവര്‍ത്തകനുമാണ് എന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസിന്റെ ആരോപണം. അതേ സമയം ലീഗ് പ്രവര്‍ത്തകനായ തനിക്കെതിരെയുള്ളത് രാഷ്ട്രീയ കേസുകള്‍ മാത്രമാണെന്ന് സിദ്ദിഖ് പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകും എന്നും സിദ്ദിഖ് വ്യക്തമാക്കി.

സി പി എം പ്രവര്‍ത്തകനല്ലാത്ത സിദ്ദിഖ് പാര്‍ട്ടി കോണ്‍ഗ്രസിന് വാഹനം വിട്ടുകൊടുത്തതില്‍ ദുരൂഹത ഉണ്ടെന്ന് ബിജെപി ആരോപിക്കുന്നു. ‘2010 ഒക്ടോബര്‍ മാസം 21 ന് നാദാപുരം പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 582/2010 രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനായ സജിന്‍ ചന്ദ്രന്‍ എന്നയാളെ അകാരണമായി തടഞ്ഞ് വെച്ച് മര്‍ദ്ധിച്ചവശനാക്കിയ സംഘത്തിന്റെ നേതാവാണ് ചുണ്ടയില്‍ സിദ്ധിഖ്. ഇതിന് പുറമേ നാദാപുരം മേഖലയില്‍ നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്, ‘ ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് പറഞ്ഞു. സിദ്ധിഖിന്റെ വാഹനം അഖിലേന്ത്യാ സെക്രട്ടറി ഉപയോഗിച്ചതിലൂടെ സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള ബന്ധമാണ് വ്യക്തമാകുന്നത് എന്നും ഹരിദാസ് ആരോപിക്കുന്നു. ‘ അഖിലേന്ത്യാ സെക്രട്ടറിക്ക് ഉപയോഗിക്കാനുള്ള വാഹനം പോലും എസ്ഡിപിഐക്കാന്‍ നല്‍കേണ്ട സാഹചര്യം വ്യക്തമാക്കുന്നത് സിപിഎം നേതൃത്വവും എസ്ഡിപിഐയും തമ്മിലുള്ള ബന്ധമാണ്.

സജിന്‍ ചന്ദ്രനെ അക്രമിച്ചതിലും ദുരൂഹതയുണ്ട്. സജിന്‍ ചന്ദ്രനെ കൊല്ലാനുള്ള നീക്കമാണ് നടന്നത്. ഈ കേസ് ഒതുക്കിത്തീര്‍ക്കാന്‍ നിരവധി തവണ മധ്യസ്ഥതവഹിച്ചത് സിപിഎം നേതാക്കളാണ്. ഈ കേസുമായി ബന്ധപ്പെട്ട് ചുണ്ടയില്‍ സിദ്ദിഖിനെ സഹായിക്കാനുള്ള ഒത്തുകളിയുടെ ഭാഗമാണോ ഇത്തരം കൊടുക്കല്‍ വാങ്ങലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം’ ഹരിദാസ് പറഞ്ഞു. അതേ സമയം വാഹന ഉടമയെ സംബന്ധിച്ച് അറിയില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം. പാര്‍ട്ടി കോണ്‍ഗ്രസ് വന്‍ വിജയമായത് കൊണ്ട് ബി ജെ പി അപവാദ പ്രചാരണം നടത്തുകയാണെന്ന് എം വി ജയരാജന്‍ തിരിച്ചടിച്ചു.