ജസ്‌ന സിറിയയിലുണ്ടെന്ന വിവരം അടിസ്ഥാനരഹിതം ; സിബിഐ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ ജസ്‌ന മരിയ ജയിംസിനെ സിറിയയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത തെറ്റാണെന്ന് അന്വേഷണ ഏജന്‍സിയായ സിബിഐ . സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ ജെസ്‌നയെ സിറിയയില്‍ കണ്ടെത്തി എന്ന നിലയില്‍ പ്രചരണമുണ്ടായതോടെയാണ് സി.ബി.ഐയുടെ ഇത് വ്യാജമാണെന്ന് അറിയിച്ചത്. അത്തരം കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്നും സി.ബി.ഐ വ്യക്തമാക്കി. നാല് വര്‍ഷം മുന്‍പ് 2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്. ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ജസ്‌ന മരിയ ജയിംസിനെ കാണാതായത്. തുടര്‍ന്ന് ലോക്കല്‍ പൊലീസ് മുതല്‍ വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിച്ചെങ്കിലും ജസ്‌നയെ ഇതുവരെ കണ്ടെത്താനായിരുന്നില്ല. ഇതോടെ 2021 ഫെബ്രുവരിയില്‍ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.

2018 മാര്‍ച്ച് 22ന് ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു ജസ്‌ന വീട്ടില്‍ നിന്ന് പോയത്. തുടര്‍ന്ന് തിരിച്ചുവരാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത വെച്ചൂച്ചിറ പൊലീസാണ് ആദ്യം അന്വേഷിച്ചത്. എന്നാല്‍ ജസ്‌നയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇതോടെ കേസ് അന്വേഷണം തിരുവല്ല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘവും ഏറ്റെടുക്കുകയായിരുന്നു. ജെസ്‌നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തില്‍ ഒരു വിവരവും ലഭിക്കാതെ വന്നോതോടെ കഴിഞ്ഞ സെപ്തംബറില്‍ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു. പിന്നീട് ക്രൈംബ്രാഞ്ചിനും കൈമാറി. ഇതിനിടെ ബംഗളുരു, പൂനെ, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലും ജസ്‌നയെ കണ്ടുവെന്ന് വിവരം ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം പാരിതോഷികം ഉള്‍പ്പെടെ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല. അതിനിടെയാണ് കഴിഞ്ഞ ദിവസം ജസ്‌നയെ സിറിയയില്‍ കണ്ടെത്തിയെന്ന വിവരം സിബിഐ പുറത്തുവിട്ടതായി വാര്‍ത്ത പ്രചരിച്ചത്.