കൊവിഡ് കണക്ക് ദിവസവും പ്രസിദ്ധീകരിക്കണം ; കേരളത്തിന് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം

കേരളം കൊവിഡ് കണക്കുകള്‍ കൃത്യമായി പുറത്തുവിടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രത്തിന്റെ കത്ത്. കേരളം അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കണക്ക് പ്രസിദ്ധീകരിച്ചത് രാജ്യത്തെ ആകെ കൊവിഡ് കണക്കുകളെ ബാധിച്ചുവെന്നും കത്തില്‍ പറയുന്നു. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും കൂടുകയാണ്. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ ഇന്ന് 90 ശതമാനം വര്‍ധനയാണുണ്ടായത്. ഇന്നലത്തെ 1150 എന്ന കണക്കില്‍ നിന്ന് 2180 ആയി പ്രതിദിന രോഗികളുടെ എണ്ണം ഉയര്‍ന്നു. ഇതില്‍ 940 കേസുകളും കേരളത്തിലാണ്. അഞ്ച് ദിവസത്തിന് ശേഷം കേരളം ഒറ്റയടിക്ക് കൊവിഡ് കണക്കുകള്‍ പുറത്ത് വിട്ടതാണ് രാജ്യത്തെയാകെ കൊവിഡ് കണക്ക് ഉയരാനിടയാക്കിയെന്ന് ചൂണ്ടികാണിച്ചാണ് ആരോഗ്യ മന്ത്രാലയം കേരളത്തിന് കത്തയച്ചത്.

കൊവിഡ് കണക്കുകള്‍ കൃത്യമായി പ്രസിദ്ധീകരിക്കുന്നത് രോഗ വ്യാപനം തടയുന്നതിന് നിര്‍ണായകമാണെന്നും കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. ഏപ്രില്‍ പതിമൂന്ന് മുതല്‍ പതിനേഴ് വരെ കേരളം കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. ഈ കാലയളവിലെ 150 കൊവിഡ് മരണങ്ങളും ഇന്നലെയാണ് സംസ്ഥാനം പുറത്തുവിട്ടത്. കണക്ക് പ്രസിദ്ധീകരിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞതിനാലാണ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവെച്ചതെന്നും വകുപ്പില്‍ ഡാറ്റാ ശേഖരണം തുടരുമെന്നുമായിരുന്നു അന്ന് ആരോഗ്യ മന്ത്രിയുടെ വിശദീകരണം.

ദില്ലി, ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ പ്രതിദിന രോഗികളുടെ എണ്ണം നൂറ് കടന്നത്. 24 മണിക്കൂറിനിടെ രാജ്യത്ത് 214 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. പോസിറ്റിവിറ്റി നിരക്ക് ദശാംശം മൂന്ന് ഒന്നില്‍ നിന്ന് ദശാംശം എട്ട് മൂന്ന് ശതമാനമായി കൂടി. നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളില്‍ ദില്ലിയാണ് ഏറ്റവും മുമ്പിലുള്ളത്. 517 കേസുകളാണ് ഒരു ദിവസത്തിനുള്ളില്‍ തന്നെ ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ 1,518 ആക്ടീവ് കേസുകള്‍ ദില്ലിയിലുണ്ട്. കഴിഞ്ഞ ഒന്നര മാസത്തിനിടെ ദില്ലിയില്‍ വന്ന ഉയര്‍ന്ന നിരക്കാണിത്. പോയ ഏതാനും ആഴ്ചകളിലായി ദില്ലി, ഗസിയാബാദ്, നോയിഡ എന്നിവിടങ്ങളിലെല്ലാം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായി കൊവിഡ് പരന്നിരുന്നു. ഇതാണ് തലസ്ഥാനത്തെ കൊവിഡ് നിരക്ക് വര്‍ധനയ്ക്ക് പിന്നിലെ ഒരു കാരണമെന്നാണ് അനുമാനം. ഇതോടെ പലയിടങ്ങളിലും സ്‌കൂളുകള്‍ അടച്ചിടുകയും ചെയ്തു.