മോദിയെ അംബേദ്കറുമായി താരതമ്യം ചെയ്തതില്‍ ഉറച്ചു നില്‍ക്കുമെന്ന് ഇളയരാജ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോ. ബി.ആര്‍. അംബേദ്കറും തമ്മിലുള്ള സമാനതകള്‍ ചൂണ്ടിക്കാട്ടിയ സംഭവത്തില്‍ മാപ്പ് പറയില്ല എന്ന് സംഗീത സംവിധായാകാന്‍ ഇളയരാജ. നേരത്തെ പുസ്തകത്തിന്റെ അവതാരികയുടെ പേരില്‍ സംഗീത സംവിധായകന്‍ ഇളയരാജ വിവാദത്തില്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ അദ്ദേഹം മാപ്പുപറയില്ല എന്ന് സഹോദരന്‍ ഗംഗൈ അമരന്‍ വഴി അറിയിച്ചു. ‘അംബേദ്കര്‍ & മോദി: റിഫോര്‍മേഴ്‌സ് ഐഡിയാസ്, പെര്‍ഫോമേഴ്‌സ് ഇമ്പ്‌ലിമെന്റെഷന്‍’ എന്ന തലക്കെട്ടിലുള്ള പുസ്തകം ബ്ലൂക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷനാണ് പ്രസിദ്ധീകരിച്ചത്. ഏപ്രില്‍ 14 ന് പുസ്തകം പ്രകാശനം ചെയ്തു, ‘അംബേദ്കറുടെ കാഴ്ചപ്പാടുകള്‍ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിനും വിവിധ മേഖലകളില്‍ പ്രവര്‍ത്തികമാക്കുന്നതിനും പ്രധാനമന്ത്രി മോദി നിര്‍മ്മിക്കുന്ന പുതിയ ഇന്ത്യ അംബേദ്കറുടെ ആദര്‍ശങ്ങളെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്നു എന്നതിനെക്കുറിച്ചുള്ള ഒരു അക്കാദമിക് ശ്രമമാണ് പുസ്തകം’ എന്ന് പ്രസാധകര്‍ ട്വിറ്ററില്‍ കുറിച്ചു.

ഡോ. ബി.ആര്‍. അംബേദ്കറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ സാമ്യമുണ്ടെന്ന് അദ്ദേഹം മുഖവുരയില്‍ പറഞ്ഞിട്ടുണ്ട്. ഇരുവരും പ്രയാസങ്ങളിലൂടെ കടന്നുപോവുകയും, സാമൂഹികമായി അശക്തരായ വിഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ അഭിമുഖീകരിക്കുന്ന പ്രതിബന്ധങ്ങള്‍ക്കെതിരെ വിജയിക്കുകയും ചെയ്തു എന്ന് ഇളയരാജ കുറിച്ചിട്ടുണ്ട്. അംബേദ്കറും നരേന്ദ്രമോദിയും സാമൂഹിക ഘടനകളെ സ്തംഭിപ്പിക്കുന്നത് അടുത്ത കോണുകളില്‍ നിന്ന് കാണുകയും അവയെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ‘ഇന്ത്യയ്ക്കായി ഇരുവരും വലിയ സ്വപ്നങ്ങള്‍ കണ്ടിരുന്നു, ഇരുവരും വെറും ചിന്താ വ്യായാമങ്ങളേക്കാള്‍ പ്രവര്‍ത്തനത്തില്‍ വിശ്വസിക്കുന്ന പുരുഷന്മാരാണ്,’ ഇളയരാജ പറയുന്നു. തന്റെ സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് വിരുദ്ധ നിയമം പോലെയുള്ള സ്ത്രീകള്‍ക്ക് അനുകൂലമായ നിയമനിര്‍മ്മാണത്തിന് നരേന്ദ്ര മോദിയെക്കുറിച്ച് അംബേദ്കര്‍ അഭിമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക പരിവര്‍ത്തനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ടുള്ള ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പദ്ധതിയെക്കുറിച്ചും ഇളയരാജ പരാമര്‍ശിച്ചു.