അക്കരെ അക്കരെ അക്കരെ ; തുടര്‍ചികിത്സയ്ക്ക് പിണറായി വീണ്ടും അമേരിക്കയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക്. മയോ ക്ലിനിക്കില്‍ തുടര്‍ ചികിത്സയ്ക്കായാണ് ഈ മാസം 23 ന് മുഖ്യമന്ത്രി അമേരിക്കയില്‍ പോകുന്നത്. ഇതിന് അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് പൊതുഭരണ വകുപ്പിന് കത്ത് നല്‍കി. ഈ വര്‍ഷം തന്നെ രണ്ടാം വട്ടമാണ് പിണറായി അമേരിക്കയിലേയ്ക്ക് പറക്കുന്നത്. ഈ വര്‍ഷമാദ്യം 15 ദിവസം ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലായിരുന്നു.മേയ് 20 ന് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനു മുമ്പ് മുഖ്യമന്ത്രി മടങ്ങിയെത്തും. യാത്രയില്‍ മുഖ്യമന്ത്രിയെ ആരൊക്കെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭാ യോഗത്തിന് ആര് അധ്യക്ഷത വഹിക്കും തുടങ്ങിയ കാര്യങ്ങളില്‍ വരും ദിവസങ്ങളില്‍ വ്യക്തത ലഭിച്ചേക്കും.

നേരത്തേ ജനുവരി 15 മുതല്‍ 26 വരെയാണ് മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്കായി പോയത്. യാത്രയില്‍ ഭാര്യ കമലയായിരുന്നു അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്. കഴിഞ്ഞ യാത്രക്ക് മുപ്പത് ലക്ഷത്തിനു അകത്തു ചിലവ് വന്നതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ചികിത്സയ്ക്കായി 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചികിത്സയ്ക്ക് പണം അനുവദിച്ച് പുറത്തിറക്കിയ ഉത്തരവാണ് പൊതുഭരണവകുപ്പ് റദ്ദാക്കിയത്.വസ്തുതാപരമായ പിശക് സംഭവിച്ചതിനാലാണ് ഉത്തരവ് റദ്ദ് ചെയ്തതെന്നാണ് വിശദീകരണം. ജനുവരി 11 മുതല്‍ 26 വരെയുള്ള കാലയളവിലെ മുഖ്യമന്ത്രിയുടെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് പണം അനുവദിക്കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ 30 ന് സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു പൊതുഭരണം വിഭാഗം പണം അനുവദിച്ച് ഉത്തരവിറക്കിയത്.

എന്നാല്‍ ചികിത്സക്ക് പണം അനുവദിച്ചുള്ള ഉത്തരവ് പുതുക്കി ഇറക്കി. 29.82 ലക്ഷം രൂപയാണ് അനുവദിച്ചത്. തുകയനുവദിച്ച് ഈ മാസം13 ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പിശകുണ്ടായതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. മാര്‍ച്ച് 30 ന് മുഖ്യമന്ത്രി നേരിട്ട് നല്‍കിയ അപേക്ഷയില്‍ ഈ മാസം 13ന് തുകയനുവദിച്ച് ഉത്തരവിറങ്ങിയിരുന്നു. തുടര്‍പരിശോധനയില്‍ ക്രമപ്രകാരമല്ലാതെയോ, അധികമായോ തുക നല്‍കിയതായി കണ്ടാല്‍ തിരിച്ചടയ്‌ക്കേണ്ടി വരുമെന്ന് പണമനുവദിച്ച ഉത്തരവില്‍ എഴുതി. ഇത് സ്വാഭാവികമാണ്. എന്നാല്‍ പിന്നാലെയാണ് ഇന്നലെ തുകയനുവദിച്ച ഉത്തരവ് റദ്ദാക്കി പൊതുഭരണ വകുപ്പ് പുതിയ ഉത്തരവിറക്കിയത്. മുന്‍ ഉത്തരവില്‍ വസ്തുതാപരമായ പിഴവുണ്ടെന്നാണ് വിശദീകരണം.