സി ബി ഐ ആവശ്യപ്പെടുന്നു ; അഞ്ച് വര്‍ഷത്തിനിടെ സുപ്രീംകോടതി ലാവ്‌ലിന്‍ കേസ് മാറ്റിവച്ചത് 30 തവണ
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ ലാവ്ലിന്‍ കേസ് തുടര്‍ച്ചയായി മറ്റിവയ്ക്കുന്നില്‍ ദുരൂഹത ആരോപിച്ച് ബെന്നി ബഹ്നാന്‍ എം.പി രംഗത്ത്. പിണറായി വിജയനെ കേസില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ 2017-ലാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. അന്നുമുതല്‍ ഇന്നുവരെ മുപ്പതിലേറെ തവണ ഈ കേസ് മാറ്റിവച്ചു. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട അഴിമതി കേസുകള്‍ അതിവേഗം പരിഗണിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെയാണിത്. കേട്ടുകേള്‍വിയില്ലാത്ത ഈ നടപടിക്കെതിരെ ചീഫ് ജസ്റ്റിസിനും പ്രധാനമന്ത്രിക്കും പരാതി നല്‍കുമെന്നും ആവശ്യമെങ്കില്‍ കേസില്‍ കക്ഷി ചേരുമെന്നും ബെന്നി ബഹ്നാന്‍ പറഞ്ഞു. സിബിഐയുടെ ആവശ്യപ്രകാരമാണ് കൂടുതല്‍ തവണയും ലാവ്‌ലിന്‍കേസ് മാറ്റിവച്ചിട്ടുള്ളത്.
പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ (1996-98) നടന്ന ഇടപാടിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാര്‍ മൂലം വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും നഷ്ടം വന്നെന്നായിരുന്നു കേസ്. 374 കോടി രൂപക്ക് ആനുപാതികമായ നേട്ടമുണ്ടായില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായെന്നുമായിരുന്നു സിഎജിയുടെ (കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ട്.