80,000 വിലയുള്ള ആക്ടീവയ്ക്ക് 15.44 ലക്ഷത്തിന് ഫാന്‍സി നമ്പര്‍
ഫാന്‍സി നമ്പര്‍ ലഭിക്കാന്‍ വാഹന ഉടമകള്‍ ഏതറ്റം വരെയും പോകുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഇതിനായി കോടികള്‍ വരെ പൊടിക്കുന്ന ആളുകളുടെ വാര്‍ത്തയും പതിവാണ്. പണ്ടൊക്കെ പത്രങ്ങളില്‍ പോലും ഈ ഫാന്‍സി നമ്പര്‍ ലേലം വാര്‍ത്ത ആകാറുണ്ടായിരുന്നു. ഇഷ്ട നമ്പര്‍ ലഭിക്കാന്‍ എത്ര രൂപയും മുടക്കാന്‍ തയ്യാറാണ് പലരും. അത്തരത്തില്‍ വാഹനത്തിന്റെ 20 മടങ്ങ് വിലമുടക്കി ഒന്നാം നമ്പര്‍ സ്വന്തമാക്കിയ ചണ്ഡീഗഡ് സ്വദേശിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.15.44 ലക്ഷം രൂപ മുടക്കിയാണ് CH 01 CJ 0001 എന്ന ഫാന്‍സി നമ്പര്‍ ബ്രിജ് മോഹന്‍ സ്വന്തമാക്കിയത്. ഓണ്‍റോഡ് ഏകദേശം 80,000 രൂപ വില വരുന്ന ഹോണ്ട ആക്ടീവയ്ക്കാണ് ബ്രിജ് മോഹന്‍ നമ്പര്‍ വാങ്ങിയത്. തന്റെ കാറിനും മോഹന് ഫാന്‍സി നമ്പര്‍ തന്നെയാണുള്ളത്. ഇത് കൊണ്ടാണ് തന്റെ സ്‌കൂട്ടറിനും അത്തരത്തിലൊരു ഫാന്‍സി നമ്പര്‍ വേണമെന്ന് തീരുമാനിച്ചതെന്ന് മോഹന്‍ പറയുന്നു.
നേരത്തെ സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് 0001 സീരിസ് നമ്പരുകള്‍ ലേലത്തില്‍ വെയ്ക്കുന്നതായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വ്യക്തമാക്കിയിരുന്നു സിഎച്ച് 01 സിജെ സീരീസിലെ ഫാന്‍സി നമ്പറുകള്‍ക്കായുള്ള ലേലം ഏപ്രില്‍ 14 മുതല്‍ 16 വരെയുള്ള തീയതികളിലാണ് ചണ്ഡീഗഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നടത്തിയത്. അഞ്ച് ലക്ഷം അടിസ്ഥാന വിലയില്‍ ആരംഭിച്ച ലേല നടപടി ഒടുവില്‍ ആക്ടീവയുടെ വിലയുടെ 20 ഇരട്ടിയിലധികം തുകക്ക് ഉറപ്പിക്കുകയായിരുന്നു. രാജ്യത്ത് ആകെ 179 സര്‍ക്കാര്‍ വാഹനങ്ങളാണ് 0001 സീരിസ് നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നത്. ലേലത്തിലൂടെ ഏകദേശം 1.5 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.