വധ ഗൂഢാലോചന കേസ് ; അന്വേഷണം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി
വധ ഗൂഢാലോചന കേസില്‍ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഒന്നാംപ്രതി നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാരിന് കേസ് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം ദിലീപ് ആവശ്യപ്പെട്ടതുപോലെ അന്വേഷണം സിബിഐക്ക് കൈമാറാനും കോടതി തയാറായില്ല. കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സി ബി ഐയ്ക്ക് വിടണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി എന്‍ സുരാജ്, ഡ്രൈവര്‍ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമയായ ശരത്, സായ് ശങ്കര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെത്തുടര്‍ന്നാണ് കേസെടുത്തത്.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് വധഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്തത്. വധഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, പ്രോസിക്യൂഷന്‍ ഈ ആവശ്യത്തെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് ദിലീപിനെതിരായ വിവിധ ശബ്ദരേഖകളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരി ഭര്‍ത്താവ് ടി എന്‍ സുരാജിനെയും ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യുകയാണ്.
കളളക്കേസാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് സിയാദ് റഹ്മാന്‍ തളളിയത്. നിലവിലെ അന്വേഷണം തുടരാം എന്ന് വ്യക്തമാക്കിയ കോടതി അന്വേഷണ ഉദ്യോഗസ്ഥരുടെ വൈരാഗ്യമാണ് കേസിന് കാരണമെന്ന ദിലീപീന്റെ വാദവും അംഗീകരിച്ചില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഗൂഢോദ്ധേശ്യം ഉള്ളതായി വ്യക്തമാകുന്നില്ലെന്ന് ഉത്തരവിലുണ്ട്. ഈ സാഹചര്യത്തില്‍ സിബിഐ പോലുളള മറ്റൊരു ഏജന്‍സിക്ക് അന്വേഷണം കൈമാറേണ്ട കാര്യവുമില്ല. ഗൂഡാലോചന സ്ഥാപിക്കാന്‍ പറ്റിയ തെളിവുകള്‍ പ്രഥമദ്യഷ്ടാ തന്നെ കേസിലുണ്ടെന്ന് നിരീക്ഷിച്ച കോടതി അന്തിമ കുറ്റപത്രം സമര്‍പ്പിച്ച ശേഷം നിയമ നടപടികളുമായി മുന്നോട്ടുപോകുന്നതിന് ഈ ഉത്തരവിലെ നിരീക്ഷണങ്ങള്‍ തടസമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം അന്വേഷണ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും മാധ്യമങ്ങളുമായി പങ്കുവയ്ക്കരുതെന്നും കോടതി ഉത്തരവിലുണ്ട്. ഡിജിപി ഇക്കാര്യം ഉറപ്പാക്കണമെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു. ഡിജിപി ഇക്കാര്യം ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഗൂഡാലോചന സ്ഥാപിക്കാന്‍ പറ്റിയ തെളിവുകള്‍ പ്രഥമദ്യഷ്ടാ തന്നെ കേസിലുണ്ടെന്നും ഉത്തരവില്‍ ഈ കോടതിയുടെ കണ്ടെത്തലുകള്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ച ശേഷം ദിലീപിന് നിയമപരമായി മുന്നോട്ടു പോകുന്നതിന് തടസമാകില്ലെന്നും ഉത്തരവില്‍ പറയുന്നു.