പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി ; എതിര്‍പ്പറിയിച്ച് പി ജയരാജന്‍

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയെ നിയമിച്ചതില്‍ എതിര്‍പ്പുമായി പി ജയരാജന്‍. എന്നാല്‍ എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ നേരത്തെ അറിയിക്കണമായിരുന്നു എന്നാണ് പാര്‍ട്ടി പി ജയരാജന് മറുപടി നല്‍കിയത്. ചര്‍ച്ച ചെയ്യുമ്പോള്‍ മാത്രമല്ലേ എതിര്‍പ്പറിയിക്കാന്‍ കഴിയൂ എന്ന് ജയരാജന്‍ ചോദിച്ചു. പൊളിറ്റിക്കല്‍ സെക്രട്ടറി നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും ചെയ്ത തെറ്റ് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു.

എകെജി സെന്ററില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയെ നിയമിക്കാന്‍ തീരുമാനമായത്. സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന സമിതി അംഗീകരിച്ചു. പൊളിറ്റിക്കല്‍ സെക്രട്ടറി പദവി ഒഴിഞ്ഞ പുത്തലത്ത് ദിനേശന്‍ ദേശാഭിമാനി പത്രാധിപരാകും.തോമസ് ഐസക്ക് ചിന്ത പത്രാധിപരാവും. എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെയും ഇഎംഎസ് അക്കാദമിയുടെയും ചുമതല എസ് രാമചന്ദ്രന്‍ പിള്ളക്കാണ്. കൈരളി ടിവിയുടെ ചുമതല കോടിയേരിക്ക് നല്‍കി.

ഏഴു കൊല്ലം പാര്‍ട്ടിക്കു പുറത്തുനിന്ന പി ശശി മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി വരുമെന്ന് നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയുണ്ടായിരുന്നു. എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് വീണ്ടും സംസ്ഥാന കമ്മിറ്റിയിലേക്ക് എടുത്തത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് പി ശശിക്കെതിരെ സദാചാരലംഘന ആരോപണമുണ്ടായത്. 2011ല്‍ പരാതിക്കൊടുവില്‍ പി ശശിയെ സിപിഎം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ഇതോടെയാണ് പി ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായത്.

സദാചാര ലംഘന ആരോപണത്തെ തുടര്‍ന്നാണ് പി ശശിയ്‌ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തത്. എന്നാല്‍ ശശിക്കെതിരെയുളള നടപടി പാര്‍ട്ടിക്കുള്ളില്‍ ഒതുങ്ങിയതോടെ ക്രൈം വാരിക എഡിറ്റര്‍ ടി.പി നന്ദകുമാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ കേസില്‍ തെളിവില്ലെന്ന് കണ്ട് കോടതി കുറ്റവിമുക്തനാക്കി. നേരത്തെ ഇ കെ നായനാര്‍ മുഖ്യമന്ത്രി(1996-2001)യായിരുന്നപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ചുമതല വഹിച്ചയാളാണ് പി ശശി.