ദിലീപിന്റെ അഭിഭാഷകരുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തി : ക്രൈംബ്രാഞ്ചിനെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനു വേണ്ടി വാദിക്കുന്ന അഭിഭാഷകരുടെ ഫോണ്‍ സംഭാഷണം ചോര്‍ന്ന സംഭവത്തില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനെതിരെ ബാര്‍ കൗണ്‍സിലിന് പരാതി. ഹൈക്കോടതി അഭിഭാഷകനായ സേതുരാമനാണ് പരാതിയുമായി ബാര്‍ കൗണ്‍സിലിനെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം പ്രിവിലേജ്ഡ് കമ്മ്യൂണിക്കേഷനാണെന്നും അത് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് നിയമവിരുദ്ധമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ബാര്‍കൗണ്‍സില്‍ നിയമനടപടി സ്വീകരിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു.

നടിയെ ആക്രമിച്ച കേസില്‍ രാമന്‍പിള്ളയും അദ്ദേഹത്തിന്റെ ജൂനിയര്‍ അഭിഭാഷകരും ദിലീപിനും സഹോദരന്‍ അനൂപിനോടും ഭാര്യാസഹോദരന്‍ സൂരജിനോടും സംസാരിക്കുന്നതിന്റെ ഓഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നത്. കേസിന്റെ വിഷാദംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കരുത് എന്ന് കോടതി ഉത്തരവ് വന്നതിനു ശേഷവും കേസ് വിവരങ്ങള്‍ തെളിവ് സഹിതം മാധ്യമങ്ങളില്‍ നിറയുന്ന സ്ഥിതിയാണ് ദിലീപ് കേസില്‍ ഇപ്പോള്‍ കാണുവാന്‍ സാധിക്കുന്നത്. മാധ്യമ വിചാരണയാണ് നടക്കുന്നത് എന്ന പരാതി ശരി വെക്കുന്നതാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍.