കൊട്ടാരക്കര ; വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
കൊട്ടാരക്കര : ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കൊട്ടാരക്കര നെടുവത്തൂര്‍ പുല്ലാമല സ്വദേശി രാജനാണ് (64) ഭാര്യ രമയെ (56)കൊന്ന് സ്വയം ജീവനൊടുക്കിയത്. ദിവസങ്ങളായി തുടരുന്ന കുടുംബ വഴക്കിനൊടുവിലാണ് ആക്രമണം. രാജന്റെ അക്രമം തടയാനെത്തിയ രമയുടെ സഹോദരി രതിക്കും പരിക്കേറ്റിട്ടുണ്ട്. രതിയുടെ കൈ രാജന്‍ വെട്ടിമാറ്റി. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. റബര്‍ തോട്ടത്തിലൂടെ നടന്ന് പോവുകയായിരുന്ന രമയെ രാജന്‍ പതുങ്ങിയിരുന്ന് ആക്രമിച്ചതായാണ് വിവരം.
വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ വിറകുവെട്ടാനെത്തിയതായിരുന്നു രമയും സഹോദരിയും. ഇവിടെ ഒളിച്ചിരുന്ന രാജന്‍ ആക്രമിക്കുകയായിരുന്നു. രമയെ കൊലപ്പെടുത്തിയ ശേഷം തൊട്ടടുത്ത പുരയിടത്തില്‍ എത്തി രാജന്‍ തൂങ്ങിമരിക്കുകയും ചെയ്തു. രമ മരിച്ചെന്ന് ഉറപ്പിച്ച ശേഷം രാജന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന് രമയും രാജനും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്.രമയുടെ മാതാവിന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു രമ. ഈ സമയത്താണ് റബര്‍ തോട്ടത്തില്‍ ഒളിച്ചിരുന്ന രാജന്‍ ആക്രമിച്ചത്. രമയെ വെട്ടിയ ശേഷം രാജന്‍ സമീപത്തെ തന്നെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.