പാലക്കാട് നിരോധനാജ്ഞ 24 വരെ നീട്ടി

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പാലക്കാട് നിരോധനാജ്ഞ ഈ മാസം 24 വരെ നീട്ടിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കൊലപാതകങ്ങളെ തുടര്‍ന്ന് ജില്ലയില്‍ നടപ്പാക്കിയ നിരോധനാജ്ഞ ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്. സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അതിജാഗ്രത പാലിക്കാനാണ് പൊലീസ് സേനക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൂന്ന് കമ്പനി സായുധ പൊലീസ് സേനയെ കൂടാതെ രാത്രി പട്രോളിങ്ങും പരിശോധനയും സജീവമാണ്.

നഗരത്തിലേക്ക് പ്രവേശിക്കുന്ന യാക്കര, മണപ്പുള്ളിക്കാവ്, കല്‍മണ്ഡപം, വിക്ടോറിയ കോളജ്, ചക്കാന്തറ തുടങ്ങി പ്രധാന കവലകളില്‍ ബാരിക്കേഡ് സ്ഥാപിച്ച് വാഹനങ്ങളുടെ വിവരശേഖരണം നടത്തുന്നുണ്ട്. രാത്രി പട്രോളിങ്ങും പരിശോധനയും ഉള്‍പ്പെടെ ശക്തമാക്കി. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ തമിഴ്നാട് പൊലീസിന്റെ സഹായവും ഉറപ്പുവരുത്തി. 90 പൊലീസുകാരാണ് തമിഴ്‌നാട്ടില്‍നിന്ന് എത്തിയിട്ടുള്ളത്. അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ നാലുപ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ശംഖുവാരത്തോട് സ്വദേശി അബ്ദുറഹ്മാന്‍, ഫിറോസ്, പട്ടാമ്പി സ്വദേശി ഉമ്മര്‍, അബ്ദുള്‍ ഖാദര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അതേസമയം, ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആകെ ആറുപ്രതികളുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മൂന്ന് ഇരുചക്രവാഹനങ്ങളിലായാണ് അക്രമിസംഘം ശ്രീനിവാസന്റെ കടയിലെത്തിയത്. ഇതില്‍ വാഹനങ്ങളുടെ പിന്‍സീറ്റില്‍ ഇരുന്നവരാണ് കടയില്‍ കയറി ശ്രീനിവാസനെ ആക്രമിച്ചത്. പ്രതികള്‍ ഉപയോഗിച്ച ബൈക്കുകളിലൊന്ന് തമിഴ്നാട് രജിസ്ട്രേഷനിലുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്.