പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടിയും കൂട്ടുകാരിയും ഒതളങ്ങ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു ; കൂട്ടുകാരി മരിച്ചു

കോട്ടയം : കോട്ടയം തലയോലപ്പറമ്പില്‍ ഒതളങ്ങ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിച്ചത്. വെള്ളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോക്‌സോ കേസില്‍ ഇരയായിരുന്നു ഈ കുട്ടി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വൈക്കം തലയോലപറമ്പ് കോരിക്കലില്‍ ചാലിത്തറ കുഞ്ഞുമോന്റെ മകള്‍ കൃഷ്ണമോള്‍ (18) ആണ് മരിച്ചത്. കടുത്തുരുത്തി ജോയിസ് ഫാഷന്‍ ടെക്‌നോളജിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് മരിച്ച കുട്ടി.

വീട്ടില്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. ഒതളങ്ങ കഴിച്ചാണ് രണ്ടു പെണ്‍കുട്ടികളും സ്വന്തം വീടുകളില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ വെള്ളൂര്‍ സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കൃഷ്ണ മോളുടെ തലയോലപറമ്പ് കോരിക്കലിലെ വീട്ടില്‍ ഇറുമ്പയം സ്വദേശിനിയായ സുഹൃത്ത് വന്നിരുന്നു. വീടിനു മുന്നിലെറോഡില്‍ പെണ്‍കുട്ടികള്‍ ഇരുവരും ഗതാഗതം തടസപ്പെടുത്തി നൃത്തം ചെയ്തതിനെ തുടര്‍ന്ന് കൃഷ്ണമോളുടെ പിതൃ സഹോദരന്‍ വഴക്കു പറഞ്ഞിരുന്നു. ഇതില്‍ മനം നൊന്താണ് ഇവര്‍ ഒതളങ്ങ കഴിച്ചതെന്നാണ് പറയപ്പെടുന്നത്. തലയോലപറമ്പ് പോലീസ് കേസെടുത്തു.