വല്ലാര്‍ പാടത്തിന്റെ പരാജയം ചൂണ്ടികാട്ടി സില്‍വര്‍ ലൈന്‍ പ്രതിഷേധം

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധത്തിനു ഉദാഹരണമായി ചൂണ്ടിക്കാട്ടി വല്ലാര്‍ പാടം റെയില്‍വേ പാലം. 4.62 കിലോമീറ്റര്‍ നീളമുള്ള പാലം ഇന്ത്യയിലെത്തന്നെ ഏറ്റവും നീളമേറിയ റെയില്‍വേ പാലമാണ്. ഇടപ്പള്ളിക്കും വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിനും ഇടയില്‍ കമ്മീഷന്‍ ചെയ്ത 8.86 കിലോമീറ്റര്‍ റെയില്‍വേ ലൈനിന്റെ ഭാഗമാണിത്. അധികാരത്തിലിരിക്കുന്നവര്‍ നടപ്പിലാക്കിയ തെറ്റായ തീരുമാനങ്ങളുടെ ഉദാഹരണമാണിതെന്നു സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.2010 ല്‍ 350 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ഈ റെയില്‍ പാതയും തിരുവനന്തപുരത്തിനും കാസര്‍ഗോഡിനും ഇടയില്‍ 63,000 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കാനിരിക്കുന്ന സില്‍വര്‍ലൈന്‍ സെമി-ഹൈസ്പീഡ് റെയില്‍ പദ്ധതിയും തമ്മില്‍ സമാനതകള്‍ ഉണ്ടെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

11,700 ടണ്‍ സ്റ്റീലും 58,000 ടണ്‍ സിമന്റും 99,000 ക്യുബിക് മീറ്റര്‍ മെറ്റല്‍ അ?ഗ്ര?ഗേറ്റുകളും 73,500 ക്യുബിക് മീറ്റര്‍ മണലുമാണ് പദ്ധതിയുടെ നിര്‍മാണത്തിനായി ഉപയോ?ഗിച്ചത്. ഇത്രയധികം പണവും വിഭവങ്ങളും ചെലവഴിച്ചിട്ടും ആഴ്ചയില്‍ ശരാശരി ഒരു ട്രെയിന്‍ മാത്രമാണ് വല്ലാര്‍പാടം മേല്‍പാലത്തിലൂടെ കടന്നുപോകുന്നത്. പദ്ധതി ഉണ്ടാക്കിയ സാമൂഹ്യാഘാതങ്ങളും ചെറുതല്ല. 12.5 ഹെക്ടര്‍ ഭൂമിയാണ് റെയില്‍പാതയ്ക്കായി ഏറ്റെടുത്തത്. നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അവരില്‍ പലരും ഇപ്പോഴും പുനരധിവാസത്തിനായുള്ള കാത്തിരിപ്പിലാണ്. കമ്മീഷന്‍ ചെയ്തിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും റെയില്‍വേ ലൈന്‍ വെറും കോണ്‍ക്രീറ്റ് സ്മാരകമായി തുടരുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു.

കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളില്‍ ചിലര്‍ കാക്കനാടിന് അടുത്തുള്ള തുതിയൂരിലെ ചതുപ്പുനിലത്താണ് പുനരധിവസിപ്പിക്കപ്പെട്ടത്. അവരുടെ ജീവിതം പരിതാപകരമാണ്. ചതുപ്പുനിലത്തെ രണ്ട് ഡസനിലധികം വീടുകളിലും താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വല്ലാര്‍പാടം റെയില്‍പാതയ്ക്കായി മൂലമ്പിള്ളിയില്‍ നിന്നും മറ്റും കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ പുനരധിവാസത്തില്‍ സംഭവിച്ച പിഴവ് സില്‍വര്‍ലൈനിനായി കുടിയൊഴിപ്പിക്കപ്പെടാവുന്ന പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് എന്തു സംഭവിക്കും എന്നതിനുള്ള തെളിവു കൂടിയാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഒരു ലക്ഷത്തിലധികം കുടുംബങ്ങളെയാണ് കുടിയൊഴിപ്പിക്കേണ്ടിവരിക.