കെ റെയില്‍ പ്രതിഷേധം ; തിരുവനന്തപുരത്ത് പോലീസ് അതിക്രമം
ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ച കെ റെയില്‍ സര്‍വ്വേയില്‍ പ്രതിഷേധം വീണ്ടും ശക്തം. തിരുവനന്തപുരം കഴക്കൂട്ടം മുരുക്കുംപുഴയ്ക്കടുത്ത് കരിച്ചാറയില്‍ കല്ലിടാനെത്തിയ സംഘത്തിലെ പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധക്കാരനെ പോലീസ് ബൂട്ടിട്ട് ചവിട്ടിയത് സ്ഥിതി വഷളാകാന്‍ കാരണമായി. സര്‍വേ കല്ലിടുന്നതിനായി ഉദ്യോഗസ്ഥരെത്തുന്നു എന്ന വിവരം കിട്ടിയ ഉടന്‍ തന്നെ സ്ഥലത്ത് നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. പോലീസ് സ്ഥലത്ത് പ്രതിഷേധമുണ്ടാകുമെന്ന് മുന്‍കൂട്ടിക്കണ്ട് തമ്പടിച്ചിരുന്നു.
അതേസമയം, കാരിച്ചാറയില്‍ പ്രതിഷേധക്കാരെ പോലീസ് ബൂട്ടിട്ട് ചവിട്ടിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മംഗലപുരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ആക്രമണത്തിന് പിന്നിലെന്ന് സമരക്കാര്‍ പറയുന്നു. പ്രതിഷേധം കനത്തതോടെ സര്‍വേയുമായി മുന്നോട്ട് പോകാനാകില്ലെന്ന് ഉറപ്പായതോടെ, ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിന്ന് മടങ്ങി. പ്രതിഷേധിക്കുന്നവരെ ആക്രമിക്കാന്‍ പോലീസിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. കല്ലിടുന്ന കാര്യം നാട്ടുകാരെ മുന്‍കൂട്ടി അറിയിച്ചില്ലെന്നും സ്‌കൂളും പഞ്ചായത്ത് ഓഫിസുമെല്ലാം പദ്ധതി നടപ്പിലാക്കിയാല്‍ പൊളിക്കേണ്ടി വരുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
സ്ഥലത്ത് ഒരു മാസം മുന്‍പ് കല്ലിട്ടെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ അവ പിഴുതു മാറ്റിയിരുന്നു. ഡിസിസി വൈസ് പ്രസിഡന്റ് എം.മുനീര്‍, അണ്ടൂര്‍ക്കോണം പഞ്ചായത്ത് അംഗങ്ങളായ മുരളീധരന്‍ നായര്‍, അര്‍ച്ചന, മുതാംസ് ബീഗം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. പോലീസ് നരനായാട്ട് അവസാനിപ്പിക്കാന്‍ തയ്യാറാകണം. കെ.റെയില്‍ വിരുദ്ധ പ്രതിഷേധക്കാരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്നുള്ള സര്‍ക്കാരിന്റെ വ്യാമോഹം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി അവശേഷിക്കുമെന്നു സുധാകരന്‍ പറഞ്ഞു. പ്രതിഷേധം ഭയന്ന് സിപിഎമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് കല്ലിടല്‍ സമയത്ത് നിര്‍ത്തിവെച്ചിരുന്നു. കെ.റെയില്‍ പദ്ധതി ഉപേക്ഷിക്കുന്നതുവരെ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തും. കരിച്ചാറ കോളനിയിലെത്തിയ ഉദ്യോഗസ്ഥരുടെ സുരക്ഷയുടെ പേരില്‍ പൊലീസ് അഴിഞ്ഞാടുകയാണ്. പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ പോലീസ് ബൂട്ടിട്ട് തൊഴിച്ച് താഴെയിടുന്ന കാഴ്ച പ്രതിഷേധാര്‍ഹമാണ് – കെ.സുധാകരന്‍ പറഞ്ഞു.