സ്വപ്നക്ക് നല്‍കിയ ശമ്പളം തിരികെ നല്‍കാനാവില്ല ; സര്‍ക്കാരിന് പി.ഡബ്ലിയു.സി കത്തയച്ചു
സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ വിവാദ നായില്ല സ്വപ്നാ സുരേഷിന് സ്പേസ് പാര്‍ക്കില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റായിരിക്കെ നല്‍കിയ ശമ്പളം തിരികെ നല്‍കാനാവില്ലെന്ന് കാട്ടി പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് (പി.ഡബ്ലിയു.സി) സര്‍ക്കാരിന് കത്തയച്ചു. ശമ്പളം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിന് (പി.ഡബ്ലിയു.സി) കത്ത് നല്‍കിയിരുന്നു. പി.ഡബ്ലു.സിയാണ് നിയമനത്തിനായി സ്വപ്നയെ തെരഞ്ഞെടുത്തതെന്ന് കെ.എസ്.ഐ.ടി.ഐ.എല്‍ (കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) അധികൃതര്‍ അയച്ച കത്തിലുണ്ട്.
തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പൂര്‍ണമായ അറിവോടെയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ സ്പേസ് പാര്‍ക്കില്‍ നിയോഗിച്ചതെന്നും അതിനായി അപേക്ഷിക്കുകയോ അഭിമുഖത്തില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.സ്പേസ് പാര്‍ക്കില്‍ സ്വപ്നയുടെ ശമ്പളമായി 19,06,730 രൂപയാണ് അനുവദിച്ചത്. ഇതില്‍ ജി.എസ്.ടി ഒഴിവാക്കിയ തുകയായ 16,15,873 രൂപ പി.ഡബ്ലിയു.സിയില്‍നിന്ന് ഈടാക്കാന്‍ കെ.എസ്.ഐ.ടി.ഐ.എല്‍ എം.ഡി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് ധനകാര്യപരിശോധനാ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പി.ഡബ്ലിയു.സിയില്‍നിന്ന് തുക ഈടാക്കാന്‍ കഴിയാതെ വന്നാല്‍ അന്നത്തെ ഐ.ടി സെക്രട്ടറിയും കെ.എസ്.ഐ.ടി.ഐ.എല്‍ ചെയര്‍മാനുമായിരുന്ന ശിവശങ്കര്‍, അന്നത്തെ എം.ഡി സി. ജയശങ്കര്‍ പ്രസാദ്, സ്പെഷല്‍ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരില്‍ നിന്ന് തുല്യമായി തുക ഈടാക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. ഇവരുടെ ഭാഗത്തുനിന്നുണ്ടായ ബോധപൂര്‍വമായ പ്രവൃത്തികള്‍ കാരണമാണ് ആവശ്യമായ യോഗ്യതയില്ലാത്ത സ്വപ്ന സുരേഷിനെ ജൂനിയര്‍ കണ്‍സള്‍ട്ടന്റായി നിയമിച്ചതെന്നായിരുന്നു ധനകാര്യപരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തല്‍. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയും ശമ്പളം ഉദ്യോഗസ്ഥരില്‍നിന്ന് തിരിച്ചു പിടിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. അതേസമയം തുക തിരിച്ച് പിടിക്കുന്നതില്‍ കെ.എസ്.ഐ.ടി.ഐ.എല്‍ നിയമോപദേശം തേടിയിരിക്കുകയാണ്.