കര്‍ണ്ണാടകയില്‍ കെജിഎഫ് പ്രദര്‍ശനത്തിനിടെ തിയറ്ററില്‍ വെടിവയ്പ് ; ഒരാള്‍ക്ക് പരിക്ക്

കര്‍ണാടകയില്‍ കെജിഎഫ് ചാപ്റ്റര്‍ 2 പ്രദര്‍ശനത്തിനിടെ തിയറ്ററില്‍ വെടിവയ്പ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മണ്ഡലമായ ഹവേരിയിലെ ഷിഗ്ഗോവിലുള്ള രാജശ്രീ തിയേറ്ററിലാണ് വെടിവയ്പ് ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. സുഹൃത്തുക്കളോടൊപ്പം സിനിമ കാണാന്‍ എത്തിയ വസന്തകുമാര്‍ എന്ന യുവാവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. സിനിമ കാണുന്നതിനിടെ മുന്‍പിലത്തെ സീറ്റില്‍ കാല്‍ വച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. അക്രമി വസന്തകുമാറനോട് കാല്‍ മാറ്റാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കും തര്‍ക്കവും ഉണ്ടാകുകയായിരുന്നു. പിന്നീട് തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങിയ പ്രതി ഏതാനും മിനിറ്റുകള്‍ക്ക് ശേഷം പിസ്റ്റളുമായി മടങ്ങിയെത്തി വസന്തകുമാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മൂന്ന് തവണയാണ് പ്രതി വെടിയുതിര്‍ത്തത്. ഒരു തവണ വായുവിലേക്കും രണ്ട് തവണ വസന്തകുമാറിന് നേരെയും വെടിയുതിര്‍ത്തുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ആദ്യം വെടിയുതിര്‍ത്തപ്പോള്‍ തന്നെ തിയേറ്ററില്‍ ഉണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടി. ഇരുവരും തമ്മില്‍ മറ്റ് ശത്രുതകളില്ലെന്ന് പോലീസ് അറിയിച്ചു. ഒളിവിലുള്ള പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ലൈസന്‍സുള്ള തോക്ക് കൈവശമുള്ളവരുടെ പട്ടിക പോലീസ് പരിശോധിച്ചുവരികയാണ്. രണ്ട് സംഘങ്ങളെ രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് ഹവേരി പോലീസ് സൂപ്രണ്ട് ഹനുമന്തരായ പറഞ്ഞു.