15 വര്‍ഷം ; 7 ദുരൂഹമരണങ്ങള്‍ ; കരമന കൂടം തറവാട്ടിലെ മരണത്തില്‍ സിബിഐ അന്വേഷണത്തിനു ആവശ്യം ഉയരുന്നു
കരമന കൂടം തറവാട്ടിലെ ദുരൂഹമരണങ്ങളില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കേസ് അട്ടിമറിച്ചതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. കൂടം തറവാട്ടിലെ ബന്ധുവായ പ്രസന്നകുമാരിയും പൊതുപ്രവര്‍ത്തകനുമായ അനില്‍കുമാറുമാണ് പരാതി നല്‍കിയത്. കോടികളുടെ ആസ്തിയുള്ള കൂടം കുടുംബത്തില്‍ 15 വര്‍ഷത്തിനിടെ നടന്നത് 7 ദുരൂഹ മരണങ്ങളാണ്. മരണത്തില്‍ അന്വേഷണം വേണമെന്ന ബന്ധുക്കളുടെ ആവശ്യത്തിന് പിന്നാലെ 2019ല്‍ ജില്ലാ ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തു.
ജില്ലാ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കുടുംബത്തിലെ അവസാന കണ്ണിയായിരുന്ന ജയമാധവന്‍ നായരുടെ മരണത്തില്‍ ദുരൂഹത സ്ഥിരീകരിച്ചിരുന്നു. കുടുംബത്തിന്റെ കാര്യസ്ഥനായിരുന്നു രവീന്ദ്രനെതിരായിരുന്നു കണ്ടെത്തലുകള്‍. 2021 ഫെബ്രുവരില്‍ ഇക്കാര്യം സ്ഥിരീകരിച്ചെങ്കിലും പിന്നീട് അന്വേഷണത്തില്‍ പുരോഗതി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാര്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടത്. കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ പൊലീസുദ്യോഗസ്ഥര്‍ ഇടപെട്ടെന്നും, പൊലീസുകാരുടെ പങ്ക് മറച്ചുവയ്ക്കുന്നതിനായി അന്വേഷണം നിര്‍ത്തിവയ്പ്പിച്ചെന്നുമാണ് ആരോപണം.
2017 ഏപ്രില്‍ 22നാണ് ജയമാധവന്‍ നായര്‍ മരിച്ചത്. കട്ടിലില്‍ നിന്നും നിലത്തു വീണ് ജയമാധവന്‍ നായര്‍ക്ക് പരിക്ക് പറ്റിയെന്നായിരുന്നു കാര്യസ്ഥന്‍ രവീന്ദ്രന്‍ അന്ന് നല്‍കിയ മൊഴി. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയെങ്കിലും അന്ന് കാര്യമായ അന്വേഷണം നടന്നില്ല. ജയമാധവന്‍നായരുടെ മരണശേഷം സ്വത്തുക്കളുടെ അവകാശവും ബാങ്കിലെ നിക്ഷേപവുമെല്ലാം കാര്യസ്ഥന്‍ രവീന്ദ്രന്റെ പേരിലായിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടം തറവാട്ടിലെ ഏഴ് മരണങ്ങളില്‍ അന്വേഷണം തുടങ്ങിയത്. ജയമാധവന്‍ നായരെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നും സ്വത്ത് തട്ടിപ്പ് നടന്നെന്ന് സംശമുണ്ടെന്നും ഉള്ള മൊഴികള്‍ അന്വേഷണ സംഘത്തിന് കിട്ടിയിരുന്നു. കോളിളക്കം സൃഷ്ടിച്ച കൂടത്തായി കേസിന് പിന്നാലെയായിരുന്നു കരമന കൂടം തറവാട്ടിലെ മരങ്ങളില്‍ ദുരൂഹതയുയര്‍ന്നത്.