ശ്രീനിവാസന്‍ വധം : പ്രതികള്‍ക്ക് സിപിഎം ബന്ധം എന്ന് ബി ജെ പി

പാലക്കാട് : ആര്‍ എസ് എസ് പ്രവര്‍ത്തകനായ ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന നടന്നത് ശങ്കുവാരത്തോട് പള്ളിയിലാണെന്ന ആരോപണവുമായി ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് സി കൃഷ്ണകുമാര്‍. ശങ്കുവാരത്തോട് പള്ളി റവന്യു പുറംപോക്ക് കൈയ്യേറിയാണ് നിര്‍മ്മിച്ചിട്ടുള്ളതെന്നും ഈ പള്ളിയിലാണ് കൊലപാതകം ആസൂത്രണം നടന്നിട്ടുളളതെന്നും അദ്ദേഹം പാലക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുസ്ലിം ആരാധനാലയം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിശുദ്ധ റംസാന്‍ മാസത്തില്‍ ആരാധനാലയം കൊലയാളികളെ ഒളിപ്പിക്കാന്‍ ശ്രമിച്ചതില്‍ പോപ്പുലര്‍ ഫ്രണ്ടിനെ തള്ളി പറയാന്‍ മുസ്ലിം മത പണ്ഡിതന്മാര്‍ തയ്യാറാവണം.

സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന എസ്ഡിപിഐക്ക് ശ്രീനിവാസനെ കൊല്ലാനുള്ള ഊര്‍ജമായി മാറി. ശ്രീനിവാസന്‍ കൊലപാതകത്തില്‍ പിടിയിലായ പ്രതികളില്‍ പലര്‍ക്കും സിപിഎം ബന്ധമുണ്ട്. പ്രതികളുടെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച് പറയാന്‍ സിപിഎം തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സ്ഥലം എംഎല്‍എ ഷാഫി പറമ്പില്‍ മത കലഹത്തിലേക്ക് പോവരുതെന്നാണ് പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയ ബിജെപി നേതാവ് കെഎം ഹരിദാസ്, എംഎല്‍എ ശംഖുവാരത്തോട് പള്ളിയില്‍ കൊലപാതകികളെ ഒളിപ്പിച്ചതില്‍ മൗനം പാലിക്കുന്നുവെന്നും കുറ്റപ്പെടുത്തി. പാലക്കാട് കൊല്ലപ്പെട്ട ശ്രീനിവാസന്റെ വീട് സന്ദര്‍ശിക്കാന്‍ സ്ഥലം എംപിയോ എംഎല്‍എയോ തയ്യാറാവുന്നില്ല. എസ്ഡിപിഐ നേതാവിനും സിപിഎം ജില്ലാ സെക്രട്ടറിക്കും ഒരേ സ്വരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.