അഫ്ഗാന്‍ അതിര്‍ത്തിയിലെ ഭീകരാക്രമണങ്ങള്‍ ; ഇതുവരെ കൊല്ലപ്പെട്ടത് നൂറിലേറെ പാക്ക് സൈനികര്‍

അഫ്ഗാന്‍ അതിര്‍ത്തിയില്‍ നടക്കുന്ന ഭീകരാക്രമണങ്ങളില്‍ ഇതുവരെ നൂറിലേറെ പാക്ക് സൈനികര്‍ കൊല്ലപ്പെട്ടതായി വിവരം. ഇന്ന് ഉണ്ടായ വെടിവെപ്പില്‍ മൂന്ന് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ്തൂണ്‍ പ്രവിശ്യയിലെ ഉത്തര വസീറിസ്ഥാനിലാണ് സംഭവം. അതിര്‍ത്തിക്കപ്പുറത്തുനിന്ന് തീവ്രവാദികളാണ് ആദ്യം വെടിയുതിര്‍ത്തത്. പാകിസ്ഥാന്‍ സൈനികര്‍ നടത്തിയ തിരിച്ചടിയില്‍ അഫ്ഗാന്‍ തീവ്രവാദികള്‍ക്കും കാര്യമായ ആള്‍നാശം ഉണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഈ അക്രമണത്തോടെ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പാക് സൈനികരുടെ എണ്ണം നൂറുകവിഞ്ഞു.

‘പാകിസ്ഥാനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി തീവ്രവാദികള്‍ അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു, ഭാവിയില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു,’ – ആക്രമണത്തിന് പിന്നാലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പാക് സൈന്യം പ്രതികരിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു തീവ്രവാദ സംഘടനയും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഈ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ അഫ്ഗാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ തുടര്‍ച്ചയായി ആക്രമണം നടത്തുകയാണ്. ഈ മാസം ആദ്യം വടക്കന്‍ വസീറിസ്ഥാന്‍ ജില്ലയില്‍ തീവ്രവാദികള്‍ വാഹനം ആക്രമിച്ചതിനെ തുടര്‍ന്ന് ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

ഈ വര്‍ഷം മാര്‍ച്ചില്‍ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികരും ഇതേ മേഖലയില്‍ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാന്‍ കേന്ദ്രീകരിച്ച് പാകിസ്ഥാനെതിരെ തീവ്രവാദ സംഘങ്ങള്‍ ആക്രമണം നടത്തുന്നത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ വരെ ബാധിക്കുന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. ഇക്കാര്യത്തില്‍ താലിബാന്‍ ഭരണകൂടത്തിന് പാകിസ്ഥാന്‍ കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്.