തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളായ ജോണ്‍ പോള്‍ അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീര്‍ഘകാലമായി ജോണ്‍ പോള്‍ ചികിത്സയിലായിരുന്നു. മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തുവെയ്ക്കാനാവുന്ന ചാരുതയും കരുത്തുമുള്ള സ്നേഹപാദുകങ്ങള്‍ നല്‍കിയ എഴുത്തുകാരനാണ് ജോണ്‍ പോള്‍. മനുഷ്യകഥാനുഗായികളും ജീവിതഗന്ധികളുമായ ഒട്ടേറെ ചലച്ചിത്രങ്ങള്‍. അന്യാദൃശങ്ങളായ ചാരുതയേറുന്ന ഓര്‍മ്മക്കുറിപ്പുകളും ചരിത്രങ്ങളുമടങ്ങുന്ന 20 ലേറെ പുസ്തകങ്ങളിലായി എഴുതപ്പെട്ട ഗദ്യസഞ്ചയം.

അഭിജാതമായ സംസ്‌കൃതിയെ പേറുന്ന കലാകാരന്‍. വിനായന്വിതനായ മനുഷ്യന്‍. 98 ഓളം ചലച്ചിത്രങ്ങള്‍ക്കായി തിരരൂപം രചിച്ച കഥാകാരന്‍. ടെലിവിഷന്‍ അവതാരകന്‍. മാധ്യമ പ്രവര്‍ത്തകന്‍. ചലച്ചിത്ര അധ്യാപകന്‍. ജാഗ്രത്തായ മനസ്സോടെ ജീവിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍. ചലച്ചിത്ര നിര്‍മാതാവ്. ഇത്തരത്തില്‍ ബഹുതകളാല്‍ ബഹുലമായ ജീവിതം നയിക്കുന്ന എഴുത്തുകാരനെത്തേടി ഒട്ടേറെ പുരസ്‌ക്കാരങ്ങളും എത്തിയിട്ടുണ്ട്. അതുവരെ കണ്ടിട്ടില്ലാത്ത, പരിചയിച്ചിട്ടില്ലാത്ത ജീവിതാഖ്യാനങ്ങളാണ് ജോണ്‍ പോളിന്റെ ചലച്ചിത്രങ്ങള്‍. 1980 ല്‍ പുറത്തിറങ്ങിയ ചാമരം മുതല്‍ നീളുന്ന ചലച്ചിത്ര സഞ്ചാരങ്ങള്‍. മലയാള ചലച്ചിത്രത്തിന്റെ വളര്‍ച്ചയുടെ സവിശേഷ ഘട്ടത്തില്‍ അതിനൊപ്പം ഋതുപ്പകര്‍ച്ചകള്‍ നേടിയ ജീവിതമാകുന്നു ജോണ്‍പോളിന്റേത്.

മലയാളത്തിലെ പ്രമുഖ ചലച്ചിത്ര പ്രതിഭകള്‍ക്കുമൊപ്പം യാത്ര ചെയ്ത് സവിശേഷമായ ആ കാലത്തെ പ്രതിഭയിലേക്ക് സന്നിവേശിപ്പിച്ച ഈ ചലച്ചിത്രകാരന്, സമകാലീക മലയാള ചലച്ചിത്രത്തിന്റെ ചരിത്രകാരനെന്ന ഖ്യാതിയും സ്വന്തം. എന്നാല്‍ ചലച്ചിത്ര മേഖലയിലെ പതിവുവഴികള്‍ വിട്ട് തന്റേതായ ഒന്നും ഘോഷിച്ച് നടക്കാന്‍ മെനക്കെടാതെ മാറിനില്‍ക്കാന്‍ ഇഷ്ടപ്പെടുന്നു ഈ വിനയാന്വിതനായ മനുഷ്യന്‍. ഒരു കാലത്ത് വര്‍ഷത്തില്‍ 14 തിരക്കഥകള്‍ വരെ രചിച്ചിട്ടുണ്ട് മലയാള സിനിമയ്ക്ക് സ്വന്തമായ രസക്കൂട്ട് രൂപപ്പെടുത്തി ഈ എഴുത്തുകാരന്‍. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓര്‍മയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലില്‍ ഇത്തിരിനേരം, ഈറന്‍ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങളുടെ തിരക്കഥ ജോണ്‍പോളിന്റേതാണ്. കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവില്‍ എഴുതിയത്.