അര്‍ജുന്‍ ആയങ്കിക്കെതിരെ പൊലീസില്‍ പരാതിയുമായി ഡിവൈഎഫ്‌ഐ

മുഖ്യ പ്രതി അർജുൻ ആയെങ്കി

സി പി എം പ്രവര്‍ത്തകനും കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ അര്‍ജുന്‍ ആയങ്കിക്കെതിരെ ഡിവൈഎഫ്‌ഐ പൊലീസില്‍ പരാതി നല്‍കി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ മനു തോമസിന് എതിരെ അപകീര്‍ത്തികരമായ പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ നടത്തിയെന്നാണ് ഡിവൈഎഫ്‌ഐയുടെ പരാതി. സ്വര്‍ണ്ണ കടത്ത് സംഘങ്ങളില്‍പ്പെട്ട ഇവര്‍ ഡിവൈഎഫ്‌ഐയെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഈ സംഘങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ ക്യാമ്പയിന്‍ നടത്തിയതാണ് വിരോധത്തിന് കാരണം. ഇവര്‍ക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ കണ്ണൂര്‍ എസിപിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുമായി ചില നേതാക്കള്‍ക്കുള്ള ബന്ധം പാര്‍ട്ടിക്ക് കളങ്കമായി എന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍ പാര്‍ട്ടി പ്രവര്‍ത്തകരായ അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവര്‍ ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ ആരോപണങ്ങളില്‍ ഇവര്‍ക്ക് സംരക്ഷണം ഒരുക്കുന്നത് സിപിഎം പ്രാദേശിക നേതാക്കളാണെന്ന് നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ക്വട്ടേഷന്‍ ബന്ധം തുടരുന്നതിനാല്‍ കൂത്തുപറമ്പ് മേഖലയില്‍ ചിലര്‍ക്കെതിരെ നേരത്തെ പാര്‍ട്ടി നടപടി എടുത്തകാര്യം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് കൊല്ലത്തിനിടെ പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കുന്ന തരത്തില്‍ ജില്ലയില്‍ ഒട്ടേറെ സംഭവങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നത്.